കുടകില്‍ ഡെങ്കിപ്പനി പടരുന്നു: കരിക്കയില്‍ മൂന്നുപേര്‍ പനിബാധിച്ച് മരിച്ചു
മടിക്കേരി: കുടക് ജില്ലയില്‍ ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും പടരുന്നു. കരിക്ക ഗ്രാമത്തില്‍ പനിബാധിച്ച് മരിച്ചവരുടെ എണ്ണംമൂന്നായി. കേരള അതിര്‍ത്തി പ്രദേശമായ കരിക്കേയില്‍ നേരത്തെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മരിച്ചവര്‍ ഡെങ്കിപ്പനി ബാധിച്ചാണോ മരിച്ചതെന്ന കാര്യം ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല. കരിക്കയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ജില്ലാശുപത്രിയും താലൂക്ക് ആശുപത്രിയും സ്ഥിതി ചെയ്യുന്നത്. ദിവസവും പരിശോധനയും മരുന്നും എത്തിക്കാനുള്ള സംവിധാനം നിലച്ചിരിക്കുകയായിരുന്നു. പനിബാധിച്ച് മരിച്ചവരുടെ വീടുകള്‍ എം.എല്‍.എ ബോപ്പയ്യയും ജില്ലാകലക്ടര്‍ റിചാര്‍ഡ് വിന്‍സെന്റ് ഡിസോജയും സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ അടിയന്തിര മാര്‍ഗങ്ങള്‍ അവലംബിക്കുമെന്ന് മന്ത്രി കെ.പി രമേഷ് കുമാര്‍ അറിയിച്ചിട്ടുണ്ട്. പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടരുന്നതില്‍ ജനങ്ങള്‍ ഇപ്പോള്‍ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."