കരുണ പാലിയേറ്റീവ് കെയറിനെ പ്രചരണായുധമാക്കുന്ന നടപടി അപമാനകരം: കൊടിക്കുന്നില്‍
ചെങ്ങന്നൂര്‍: വ്യക്തികളോ സംഘടനകളോ പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവത്കരിച്ച് വോട്ടാക്കി മാറ്റാന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി നടത്തുന്ന വിലകുറഞ്ഞ നടപടി സാംസ്‌ക്കാരിക കേരളത്തിന് അപമാനകരമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡി.വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വെണ്‍മണിയിലെ കല്ല്യത്തറയില്‍ നടന്ന യോഗത്തില്‍ ്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കരുണ പാലിയേറ്റീവ് കെയറിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ സംഭാവനകള്‍ നല്‍കി വരുന്നുണ്ട്. വ്യത്യസ്ത പാര്‍ട്ടിക്കാരായ വിദേശ മലയാളികളില്‍ നിന്നുവരെ കരുണ പാലിയേറ്റീവ് കെയറിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തിട്ടുണ്ട്. കരുണ പാലിയേറ്റീവ് കെയറിനെ മറയാക്കി വെണ്‍മണി, മുളക്കുഴ എന്നിവിടിങ്ങളിലും ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഭൂമി വിലയ്ക്ക് വാങ്ങിക്കൂട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നോമിനേഷന്‍ നല്‍കിയ വേളയില്‍ തെളിവ് സഹിതം നല്‍കിയത്.
സ്ഥാനാര്‍ഥി ഈ ആരോപണം നിഷേധിച്ചു കൊണ്ടു നല്‍കിയ പ്രസ്താവന അദ്ദേഹത്തിന്റെ ജാള്യത മറച്ചു വെയ്ക്കാന്‍ വേണ്ടിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു. കൊഴുവള്ളൂര്‍, വെണ്‍മണി പഞ്ചായത്തുകളില്‍ ആരംഭിച്ച ജൈവ കൃഷി പൂര്‍ണ്ണമായും ഒരു തട്ടിപ്പായിരുന്നു. ഇപ്പോള്‍ അവിടെ ജൈവകൃഷി ഒന്നും നടക്കുന്നില്ല. മറ്റ് സ്ഥലങ്ങളില്‍ നിന്നും വാങ്ങിക്കൊണ്ടു വരുന്ന പച്ചക്കറിയാണ് ജൈവ കൃഷിയുടെ പേരില്‍ വിപണനം നടത്തിക്കൊണ്ടിരിക്കുന്നത്.
കരുണ പാലിയേറ്റീവ് കെയറിന് വന്‍ തുക പിരിച്ചെടുക്കാന്‍ വേണ്ടിയുള്ള കുറുക്കുവഴിയായിട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സി.പി.എമ്മും ഇതിനെ കാണുന്നത്. നാട്ടുകാരുടെ പണവും വസ്തുക്കളും കൊള്ളയടിക്കാനുള്ള വഴിയായിട്ടാണ് കരുണ പാലിയേറ്റീവ് കെയറിനെ സി.പി.എം ഉപയോഗിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.
കരുണ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വെണ്‍മണിയില്‍ രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണം നടത്തിയത് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രസിഡന്റായിട്ടുള്ള കരുണ പാലിയേറ്റീവ് കെയറിന്റെ പേരിലാണ് മരുന്ന് വിതരണം നടത്തിയത്.
ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടേയും സി.പി.എമ്മിന്റേയും ഗൂഢാലോചനയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് മരുന്ന് വിതരണം നടത്താത്ത കരുണ പാലിയേറ്റീവ് കെയര്‍, തെരഞ്ഞെടപ്പ് പ്രചരണത്തിന്റെ മൂര്‍ദ്ധന്യത്തില്‍ സൗജന്യ മരുന്നു വിതരണം നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള നടപടിയാണ്. കാരുണ പാലിയേറ്റീവ് കെയര്‍ ഇത്തരം നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നടത്തിയാല്‍ ഗുരുതരമായ പ്രത്യാഘ്യാതം ഉണ്ടാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസംഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."