അവലോകന യോഗങ്ങള്‍ പ്രഹസനമെന്ന് ആക്ഷേപം
പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ വിവിധ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുമ്പോഴും അവലോകന യോഗങ്ങള്‍ പ്രഹസനമാകുന്നുവെന്ന് ആക്ഷേപം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന അവലോകന യോഗങ്ങളാണ് പ്രഹസനമാകുന്നത്.
കഴിഞ്ഞ ദിവസം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടന്ന അവലോകനയോഗവും ശില്‍പശാലയും ബ്ലോക്കിനു കീഴിലെ എല്ലാ പഞ്ചായത്തുകളെയും അറിയിച്ചില്ലെന്ന പരാതിയുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിലെ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമായി റേഷന്‍ കടകളില്‍ സ്ഥാപിച്ച ഇ- പോസ് മെഷീന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നടത്തിയ ഏകദിന പഠന ക്ലാസിന്റെ തുടര്‍ച്ചയായി പകര്‍ച്ചവ്യാധി പ്രതിരോധ അവലോകനവും നടത്തിയതായി ആക്ഷേപമുണ്ട്.
കിനാനൂര്‍-കരിന്തളം, ബളാല്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ ഗൗരവത്തോടെ നടത്തേണ്ട യോഗമാണ് പ്രഹസനമാക്കിത്തീര്‍ത്തത്. ഏഴു പഞ്ചായത്തുകളാണ് ബ്ലോക്കിനു കീഴിലുള്ളത്.
ഇവിടങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഈ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
എന്നാല്‍ പ്രസ്തുത യോഗം സംബന്ധിച്ച വിവരം പഞ്ചായത്തുകള്‍ക്കു ലഭിക്കാത്തതു കൊണ്ടു തന്നെ ഭൂരിഭാഗം ജനപ്രതിനിധികള്‍ക്കും യോഗത്തില്‍ പങ്കെടുക്കാനായില്ല. യോഗത്തിലുണ്ടായിരുന്ന ജനപ്രതിനിധികള്‍ ഇത്തരത്തില്‍ അവലോകന യോഗം നടത്തുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇ-പോസ് മെഷീന്‍ സംബന്ധിച്ച ക്ലാസ് പെട്ടെന്ന് അവസാനിപ്പിച്ച് രോഗ പ്രതിരോധ അവലോകന യോഗവും പേരിനു നടത്തി തീര്‍ത്തതിനെതിരേ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇ. മോഹനന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."