ഫാത്തിമ നിദക്ക് തുടര്‍ചികിത്സ: പ്രചാരണ വാഹനവുമായി ട്രക്കര്‍ ഡ്രൈവര്‍മാര്‍
പരപ്പനങ്ങാടി: അരക്ക് താഴെ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് ശാസ്ത്രക്രിയക്ക് വിധേയമായ പതിനൊന്ന് വയസുകാരിയുടെ തുടര്‍ ികിത്സക്ക് തുക കണ്ടെത്താന്‍ പരപ്പനങ്ങാടി ട്രക്കര്‍ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രചാരണ വാഹനവുമായി ധനസമാഹരണം തുടങ്ങി.
പരിപാടിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ കോര്‍ഡിനേഷന്‍ പ്രസിഡന്റ് ടി കുട്ട്യാവക്ക് ഫണ്ട് നല്‍കി നിര്‍വഹിച്ചു. ഒരു മാസം നീണ്ടു നില്‍ക്കുന്ന ജീവകാരുണ്യ യജ്ഞത്തില്‍ ഇന്നലെ പരപ്പനങ്ങാടി നഗരസഭയിലെ മനുഷ്യസ്‌നേഹികള്‍ മനസറിഞ്ഞ് സഹായഹസ്തം നീട്ടി. പരപ്പനങ്ങാടി ട്രക്കര്‍ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കാഞ്ഞിക്കല്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദയുടെ തുടര്‍ ചികിത്സക്ക് വേണ്ടിയാണ് സഹപ്രവര്‍ത്തകര്‍ കാരുണ്യംതേടി തെരുവിലിറങ്ങിയത്.
ഒരു വര്‍ഷം മുമ്പാണ് ഫാത്തിമ നിദക്ക് ബാംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മേജര്‍ ശാസ്ത്രക്രിയ നടത്തിയത്. പന്ത്രണ്ട് ലക്ഷത്തിനു മുകളില്‍ ചെലവ് വരുന്ന ചികിത്സക്ക് വേണ്ടി പരപ്പനങ്ങാടി ട്രക്കര്‍ സ്റ്റാന്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി പൊതു ജനങ്ങളില്‍ നിന്നും മറ്റുമായി 415000 രൂപ പിരിച്ചെടുക്കുകയും ഫാത്തിമാ നിദയുടെ കുടുംബത്തിന് നല്‍കുകയും ചെയ്തിരുന്നു. ശാസ്ത്രക്രിയക്ക് ശേഷം താരതമ്യേനെ സുഖം പ്രാപിച്ച ഫാത്തിമ നിദ ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഫിസിയോ തൊറാപ്പി ചികിത്സ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനു വേണ്ടി എട്ട് ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. ഈ തുക കണ്ടെത്താന്‍ കുടുംബം പ്രയാസപ്പെടുമ്പോഴാണ് പരപ്പനങ്ങാടിയിലെ ട്രക്കര്‍ തൊഴിലാളികള്‍ ഫാത്തിമ നിദക്ക് വീണ്ടും താങ്ങായി എത്തിയത്. ഇന്ന് മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചരണവാഹനം ധനശേഖരണം നടത്തും. ഉദ്ഘാടന ചടങ്ങില്‍ കോര്‍ഡിനേഷന്‍ സെക്രട്ടറി കെ അബ്ദുല്‍ഗഫൂര്‍ അധ്യക്ഷനായി. കെ ദിനേശന്‍, കെ അനില്‍കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."