ഏഴ് സെന്റ് ഭൂമിയിലെ കാര്‍ഷിക വിപ്ലവം
തളിപ്പറമ്പ്: ഏഴ് സെന്റ് ഭൂമിയില്‍ കാര്‍ഷിക വിപ്ലവം തീര്‍ക്കുകയാണ് കരിമ്പം മയങ്ങീല്‍ സ്വദേശി രൂപേഷ്. രൂപേഷിന് കൃഷിയൊരു വരുമാന മാര്‍ഗമല്ല. കാര്‍ഷികവൃത്തിയിലൂടെ ലഭിക്കുന്ന സംതൃപ്തിയും മറ്റുള്ളവരെ കൂടി ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനാകുന്നതിലെ സന്തോഷവുമാണ് ഈ യുവാവിനു പ്രധാനം.
സമീകൃതവും പരസ്പരാശ്രിതവുമായ കാര്‍ഷിക രീതിയാണ് രൂപേഷ് പരീക്ഷിക്കുന്നത്. ചീര, വെണ്ട, കോവക്ക, തക്കാളി, പയര്‍, അമര, പാഷന്‍ ഫ്രൂട്ട്, ഓറഞ്ച്, റംബൂട്ടാന്‍, റെഡ്‌ലേഡി പപ്പായ, സപ്പോട്ട, മാവ്, മുരിങ്ങ, വാഴ, മധുരക്കിഴങ്ങ്, ഇന്‍ഡോര്‍ മംഗള കവുങ്ങ്...അങ്ങനെ പോകുന്ന് ഏഴ് സെന്റ് കൃഷി ഭൂമിയിലെ വിളകളുടെ ലിസ്റ്റ്. രൂപേഷ് പരീക്ഷിക്കാത്ത വിളകള്‍ കുറവാണ്. എല്ലാം പരസ്പരം ആശ്രയിക്കുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. കവുങ്ങിന്റെ താഴെ ചീരയും റെഡ്‌ലേഡി പപ്പായ, വാഴയുടെ താഴെ മധുരക്കിഴങ്ങ് എന്നിങ്ങനെയാണ് കൃഷിരീതി.
ഈ കൃഷിരീതി കൊണ്ട് വളങ്ങളായ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ജൈവ കീടനാശിനികളായ പുകയില കഷായം, വെളുത്തുള്ളി ലായനി, വെള്ളം എന്നിവ ഓരോ വിളകള്‍ക്കും പ്രത്യേകമായി നല്‍കേണ്ട ആവശ്യമില്ലെന്ന് രൂപേഷ് പറയുന്നു.
കരിമ്പം ഫാമിലെ തൊഴിലാളിയായ രൂപേഷ് വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലുമാണു കൃഷിക്കായി സമയം കണ്ടെത്തുന്നത്. രുപേഷിന്റെ കരവിരുതില്‍ ഫാമില്‍ ഒരുക്കിയ പൂന്തോട്ടവും ശില്‍പ്പങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. വരുന്ന ഓണത്തിന് വിതരണം ചെയ്യാനായി മെയ് മാസത്തോടെ ഏഴ് സെന്റിലും ചെണ്ടുമല്ലിക വിത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഈ യുവാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."