'ജീവന്റെ' സംരക്ഷകര്‍
വരള്‍ച്ചയുടെ പാരമ്യതയിലാണ് നാട്. ജലാശയങ്ങളും നീരുറവകളും കിണറുകളും വറ്റി വരളുന്നു. തൊണ്ട നനക്കാനുള്ള വെള്ളത്തിനായി പക്ഷി മൃഗാദികളും മനുഷ്യനും പരക്കം പായുന്നു. കുന്നിടിച്ചും മണലൂറ്റിയും പുഴ നികത്തിയും മരങ്ങള്‍ വെട്ടിവീഴ്ത്തിയും ജീവിതം ആഘോഷിച്ചവര്‍ക്കു മുന്നില്‍ കുടിവെള്ളം വലിയ ചോദ്യ ചിഹ്നമാവുകയാണ്. ജലക്ഷാമമെന്ന വലിയ ദുരിതത്തില്‍ നിന്ന് ഒരാള്‍ക്കു പോലും ഒഴിഞ്ഞു നില്‍ക്കാനാവാത്ത അവസ്ഥയാണു സംജാതമായിരിക്കുന്നത്. ജലസംരക്ഷണം ജീവസംരക്ഷണം കൂടിയാണ്. ജലസംരക്ഷണം വേണമെന്ന് നാള്‍ക്കുനാള്‍ പറയുന്നവരും ബോധവല്‍ക്കരണം നടത്തുന്ന അധികാരികളും പക്ഷെ ജലചൂഷണം തടയാനുള്ള പദ്ധതികള്‍ മാത്രം നടപ്പാക്കുന്നില്ല. ഇവിടെയാണ് കാസര്‍ക്കോടന്‍ ഗ്രാമങ്ങളിലെ ചില ഒറ്റപ്പെട്ട തുരുത്തുകള്‍ പ്രതീക്ഷകളുടെ പച്ചപ്പാകുന്നത്. ഉള്ള ജലത്തെ സംരക്ഷിച്ചും വിതരണം ചെയ്യുന്നതു ക്രമപ്പെടുത്തിയും സ്വന്തമായി കുടിവെള്ള പദ്ധതികളുണ്ടാക്കിയും നമുക്കിടയില്‍ ജീവിക്കുന്ന ജല സംരക്ഷകരെ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ 'വടക്കന്‍ കാറ്റ് '
വിസ്മയം ഈ പാറക്കുളങ്ങള്‍
[caption id="attachment_273139" align="alignleft" width="494"] പാറമ്മല്‍ ക്ഷേത്രത്തിലെ പാറക്കുളം[/caption]ചെറുവത്തൂര്‍: കരിമ്പാറകള്‍ക്കിടയിലെ നീരുറവകളാണു പള്ളങ്ങള്‍ അഥവാ പാറക്കുളങ്ങള്‍. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ഏതാണ്ട് ഇരുന്നൂറോളം പള്ളങ്ങള്‍ ഉണ്ടെന്നാണു കണക്ക്. വികസനത്തിന്റെ പേരില്‍ പലയിടങ്ങളിലും ഇത്തരം കുളങ്ങള്‍ മണ്ണിട്ടു മൂടുമ്പോള്‍ നഷ്ടമാകുന്നതു വലിയ ആവാസ വ്യവസ്ഥകൂടിയാണ്. അതിവിശാലമായ പാറപ്പരപ്പില്‍ എത്ര വേനലിലും ജലസമൃദ്ധിയുള്ള മുഴക്കോം പാറമ്മല്‍ ക്ഷേത്രത്തിലെ കുളത്തിനരികില്‍ എത്തിയാല്‍ ഇതു വ്യക്തമാകും.
എത്ര കൊടും ചൂടാണെങ്കിലും ഇളംകാറ്റിന്റെ കുളിര്‍മയുള്ള പ്രദേശമാണ് ഇവിടം. ആരുടെ അറിവിലും ഈ കുളം ഒരിക്കല്‍ പോലും വറ്റിയിട്ടില്ല. തറനിരപ്പില്‍ നിന്ന് എത്രയോ അടി ഉയരത്തിലാണ് ഈ ജലസമൃദ്ധി. കൊടും ചൂടില്‍ ഒരു ജലാശയം നമ്മുടെ പക്ഷികള്‍ക്ക് എത്ര അനുഗ്രഹമാകുന്നുവെന്ന് ഇവിടുത്തെ കാഴ്ചകള്‍ തെളിയിക്കും.
മഴക്കാലത്ത് കുളത്തില്‍ വെള്ളം നിറയും. മഴ മാറുമ്പോള്‍ ചുക്ക്, മങ്ങാറി, കാക്കപ്പൂവ്, തുമ്പ, അനേകതരം പുല്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഈ കുളത്തിന്റെ സമീപത്ത് പച്ചപ്പു നിറയ്ക്കും. ശലഭങ്ങളും ചെറുപ്രാണികളുമെല്ലാമെത്തുന്ന ആവാസവ്യവസ്ഥയ്ക്ക് ഈ പാറക്കുളം സാക്ഷിയാകും.
മറ്റൊരു ജലദിനം കൂടി കടന്നുവരുമ്പോള്‍ ഈ തീര്‍ഥക്കുളം ഇത്തരം പള്ളങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു.
പെരിയോത്തെ നൂറോളം കുടുംബങ്ങള്‍
പറയും; പ്രവര്‍ത്തിയിലാണ് കാര്യം
[caption id="attachment_273140" align="alignright" width="220"] സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ ആയിറ്റി പെരിയോത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതി[/caption]
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ പെരിയോത്ത് ഗ്രാമത്തിലെ നൂറോളം കുടുംബങ്ങള്‍ കുടിക്കുന്ന തെളിനീരിനെ കുറിച്ചു ചോദിച്ചാല്‍, കാരുണ്യത്തിന്റെ തെളിനീരൊഴുക്കിന്റെ കഥ പറയും. ഒരുകാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ട സ്ഥലമാണ് പെരിയോത്ത് പ്രദേശം. ഇവിടെയാണ് പേരു വെളിപ്പെടുത്താനാഗ്രഹമില്ലാത്ത ഒരു വ്യക്തി നല്‍കിയ 20 ലക്ഷം രൂപ ഒരു കുടിവെള്ള പദ്ധതിയായി രൂപപ്പെട്ട അദ്ഭുതകരമായ പ്രവൃത്തിയെ കുറിച്ചു ഗ്രാമീണര്‍ വാചാലരാകുന്നത്.
കഴിഞ്ഞ തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഭരണസമിതിയിലെ ഒന്നാം വാര്‍ഡ് അംഗമായിരുന്ന ഷംസുദ്ദീന്‍ ആയിറ്റിയുടെ സ്വപ്നമായിരുന്നു പെരിയോത്ത് ഒരു കുടിവെള്ള പദ്ധതി വേണമെന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമമായിരുന്നു ആയിറ്റിക്കടുത്ത് കവ്വായി കായലിനോട് ചേര്‍ന്നു കിടക്കുന്ന പെരിയോത്ത് പ്രദേശത്ത്. ഒരു ചെറിയ പ്രദേശത്തിനു മാത്രമായി കുടിവെള്ള പദ്ധതിക്ക് വലിയ തുക നീക്കിവെക്കാനാവാത്ത അവസ്ഥ പഞ്ചായത്തിനുമുണ്ട്. തുടര്‍ന്നാണ് സഹായം നല്‍കാന്‍ കരുത്തുള്ളവരുടെ കരം പിടിക്കാന്‍ തയാറായത്. ഈ സാഹചര്യത്തിലാണ് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ 20 ലക്ഷം രൂപ മുടക്കി സ്ഥലവും കിണറും പമ്പ് സെറ്റും നിര്‍മിച്ചു നല്‍കിയത്.
വീടുകളിലേക്കുള്ള പൈപ്പ് ലൈന്‍ വലിച്ചു നല്‍കാന്‍ ചില സുമനസുകള്‍ കൂടി തയാറായതോടെ പെരിയോത്ത് നൂറു കുടുംബങ്ങള്‍ക്ക് നിലക്കാത്ത കുടിവെള്ളത്തിന്റെ നീരുറവയെത്തി. ഈ കുടിവെള്ള പദ്ധതിയാണു ജില്ലയിലെ ആദ്യത്തെ ശിഹാബ് തങ്ങള്‍ കാരുണ്യ കുടിവെള്ള പദ്ധതി. കുടിവെള്ള പദ്ധതി സ്ഥാപിക്കാന്‍ 20 ലക്ഷം രൂപ മുടക്കിയ വ്യക്തി തന്നെയാണ് ഇപ്പോഴും പദ്ധതിക്കാവശ്യമായ വൈദ്യുതി ചാര്‍ജ് അടക്കുന്നത്.
പ്രാദേശിക ജലസംരക്ഷണ
കൂട്ടായ്മകളെ മാതൃകയാക്കണം
[caption id="attachment_273141" align="alignleft" width="218"] നീലേശ്വരം കോവിലകം ചിറ ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കുന്നു (ഫയല്‍ ചിത്രം)[/caption]
നീലേശ്വരം: കുടിവെള്ള ക്ഷാമം മുന്‍കൂട്ടി കണ്ടു പ്രദേശിക തലത്തില്‍ ഒറ്റക്കും കൂട്ടായും ജലസംരക്ഷണ പ്രവര്‍ത്തികള്‍ നടക്കുമ്പോഴും പാരമ്പര്യ ജലസ്രോതസുകളടക്കം നവീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ജില്ലയില്‍ എങ്ങുമെത്തിയില്ല. സംസ്ഥാനത്ത് ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന ജലസ്രോതസുകള്‍ 'ഹരിതകേരളം' പദ്ധതിയുടെ ഭാഗമായി നവീകരിക്കുകയായിരുന്നു ലക്ഷ്യം. ജില്ലയിലും ഈ പദ്ധതി വിജയകരമായി തന്നെ തുടങ്ങി.
ഡിസംബര്‍ എട്ടിനു നീലേശ്വരം കോവിലകം ചിറ ശുചീകരിച്ചുകൊണ്ടു മന്ത്രി ഇ ചന്ദ്രശേഖരനായിരുന്നു ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. തുടക്കത്തില്‍ മിക്ക പഞ്ചായത്തുകളും നഗരസഭകളും ഈ പദ്ധതി ആവേശത്തോടെ ഏറ്റെടുത്തിരുന്നു.
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തിയാല്‍ ഉപയോഗിക്കാന്‍ പറ്റുന്ന ജലസ്രോതസുകളുണ്ട്.
അവ കണ്ടെത്താനോ സര്‍ക്കാരിന്റെ പദ്ധതി വിജയിപ്പിക്കാനോ വേണ്ട ജാഗ്രത പ്രാദേശിക ഭരണകൂടങ്ങള്‍ നടത്തുന്നില്ലെന്ന ആക്ഷേപമുണ്ട്. ജനുവരി ആയതോടെ പുതിയ പദ്ധതി ആവിഷ്‌കരണത്തിന്റെയും പഴയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെയും തിരക്കിലമര്‍ന്നു ഇത്തരം സ്ഥാപനങ്ങള്‍. എന്നാല്‍, വേനല്‍ കടുത്തു ജലക്ഷാമം നേരിടാന്‍ തുടങ്ങിയതോടെ ചില പ്രാദേശിക ഭരണകൂടങ്ങളെങ്കിലും പദ്ധതി പുനരാരംഭിച്ചിട്ടുണ്ട്.
നാടിനു ജലനിധിയായി
വെങ്കിട്ട കൃഷ്ണന്റെ കുളങ്ങള്‍
[caption id="attachment_273142" align="alignleft" width="298"] വെങ്കിട്ട കൃഷ്ണ ഭട്ട് സ്വന്തമായി നിര്‍മിച്ച കുളത്തിനരികില്‍[/caption]
ബദിയടുക്ക: പിതാവിന്റെ പാത പിന്തുടര്‍ന്നു വീട്ടുപറമ്പിലും കൃഷിയിടത്തിലും കൃത്രിമ കുളങ്ങളുണ്ടാക്കി തുടങ്ങിയപ്പോള്‍ പരിഹസിച്ചവര്‍ക്കു വെങ്കിട്ട കൃഷ്ണ ഭട്ടിന്റെ കുളങ്ങള്‍ ഇന്നു ജലനിധികളാണ്. കൃഷ്ണന്റെ പറമ്പില്‍ അദ്ദേഹം സ്വയം നിര്‍മിച്ച കുളങ്ങള്‍ അദ്ദേഹത്തിനു മാത്രമല്ല, പരിസരത്തെ താമസക്കാര്‍ക്കും ഉപയോഗപ്രദമാവുകയാണ്.
കൊടും വെയിലില്‍ കുടിക്കാനും കാര്‍ഷികാവശ്യത്തിനും ജലത്തിനായി നാട് നെട്ടോട്ടമോടുമ്പോള്‍ വെങ്കിട്ട കൃഷ്ണ ഭട്ടിനും പരിസരവാസികള്‍ക്കും വെള്ളത്തെ കുറിച്ച് ആശങ്കയില്ല. ബദിയടുക്ക കുംട്ടിക്കാനക്കു സമീപം അബ്ബിമൂലയിലെ വെങ്കിട്ട കൃഷ്ണ ഭട്ടാ(65)ണു മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ജലസംരക്ഷണ പ്രവര്‍ത്തനം നടത്തുന്നത്. പിതാവ് ശങ്കരനാരായണ ഭട്ടിന്റെ പാത പിന്തുടര്‍ന്ന് ഇപ്പോഴും പരമ്പരാഗത രീതിയില്‍ കുളം നിര്‍മിക്കുന്നതില്‍ വ്യാപൃതനാണ് അദ്ദേഹം.
10 അടി താഴ്ചയില്‍ കുഴിയുണ്ടാക്കി മണ്ണ് വെള്ളത്തില്‍ ചവിട്ടി മെതിക്കുകയാണ് കുളം നിര്‍മാണത്തിന്റെ ആദ്യപടി. ഈ ചെളി കുഴിയുടെ പാര്‍ശ്വഭാഗങ്ങളില്‍ തേച്ചു പിടിപ്പിക്കും. പാര്‍ശ്വഭാഗങ്ങള്‍ ചെത്തുകല്ല് വച്ചു കെട്ടിയുയര്‍ത്തുകയാണു ചെയ്യുക. 20 അടി നീളവും 10 അടി വീതിയും അത്രയും തന്നെ താഴ്ചയും ഉള്ള കൃത്രിമകുളങ്ങളാണു നിര്‍മിച്ചെടുക്കുക. വെള്ളം ഭൂമിയിലേക്കു താഴ്ന്നിറങ്ങാതിരിക്കാന്‍ അടിവശത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് മുകളില്‍ കല്ലും മണലും നിറക്കും. ഇങ്ങിനെ ഉണ്ടാക്കിയ കുളത്തിലേക്കു കുന്നിന്‍ ചെരിവില്‍ നിന്ന് ഒഴുകിയെത്തുന്ന ഉറവ പൈപ്പിലൂടെ ഒഴുക്കി വിടും. ഈ കൃത്രിമ കുളത്തില്‍ വെള്ളം നിറയുന്നതോടെ സമീപത്തായി ചെറിയ കുളങ്ങളുണ്ടാക്കി അതിലേക്കു വെള്ളം ഒഴുക്കി വിടും. ചെറുതായി കിട്ടുന്ന മഴയില്‍ പോലും വലിയ തോതില്‍ ജലം കൃത്രിമ കുളത്തില്‍ ലഭിക്കും.
ഇത്തരത്തില്‍ ആറോളം കുളങ്ങള്‍ അടുത്തടുത്തായി വെങ്കിട്ട കൃഷ്ണ ഭട്ടിന്റെ പറമ്പിലുണ്ട്. കവുങ്ങുകള്‍ ചെത്തിക്കീറി ഉണ്ടാക്കുന്ന പാത്തികളിലൂടെയാണു വെള്ളം കൃഷ്ണ ഭട്ട് കൃഷിയിടത്തില്‍ എത്തിക്കുന്നത്. മോട്ടോര്‍ ഉപയോഗിച്ച് അടിച്ച് അനാവശ്യമായി വെള്ളം കളയുന്നതിനുള്ള പരിഹാരമാണ് കവുങ്ങിന്‍ പാത്തികളെന്നു കൃഷ്ണ ഭട്ട് പറയുന്നു.
തനിക്കും സമീപത്തെ കര്‍ഷകര്‍ക്കും ആവശ്യമുള്ള വെള്ളം കൃഷ്ണ ഭട്ടിന്റെ കുളങ്ങളിലുണ്ട്. കൃഷ്ണ ഭട്ടിന്റെ കുളങ്ങളില്‍ എല്ലാ സമയത്തും വെള്ളമുള്ളതിനാല്‍ അബ്ബിമൂലയിലെ ഒരൊറ്റ കിണറും വറ്റുന്നില്ല. അതുകൊണ്ടു തന്നെ പരിസരവാസികള്‍ പറയുന്നു, കൃഷ്ണഭട്ടിന്റെ കുളങ്ങള്‍ അക്ഷരാര്‍ഥത്തില്‍ 'ജലനിധി ' കളാണെന്ന്.
ഇവിടെയൊരു കുളത്തിനു പുനര്‍ജനി
[caption id="attachment_273144" align="alignright" width="414"] ആയംപാറ മഹാവിഷ്ണു ക്ഷേത്ര പരിസരത്തെ നവീകരണം നടക്കുന്ന കുളം[/caption]കാഞ്ഞങ്ങാട്: മണ്ണിടിഞ്ഞും മറ്റും നശീകരണത്തിലായിരുന്ന കുളത്തിനു ജനങ്ങളുടെ ഒത്തൊരുമയില്‍ പുനര്‍ജനി. കുണിയ ആയംപാറ പ്രദേശത്തെ 400 കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും രംഗത്തിറങ്ങിയതോടെ കുളം പഴയ പ്രൗഢിയിലേക്കു തിരിച്ചു വരികയാണ്. ആയംപാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്തെ ശതാബ്ദങ്ങള്‍ പഴക്കമുള്ള കുളത്തിനാണു നാട്ടുകാരുടെ കൈക്കരുത്തില്‍ പുനര്‍ജനിയായത്.
നശിച്ചു കൊണ്ടിരിക്കുന്ന കുളം സംരക്ഷിക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. നാട്ടിലെ കുടിവെള്ള ക്ഷാമത്തിനടക്കം പരിഹാരം കാണുന്നതിനായാണു കുളം സംരക്ഷിക്കുന്നതിനു പദ്ധതി തയാറാക്കിയത്. ബി നാരായണന്‍ (ചെയര്‍മാന്‍), ടി നാരായണന്‍ (കണ്‍വീനര്‍), കെ ബാലകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരും സഹഭാരവാഹികളും ഉള്‍പ്പെട്ട പ്രദേശത്തെ മുന്നൂറോളം ആളുകള്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചു ഇതിനായി കഠിനാദ്ധ്വാനം ചെയ്തു വരുകയാണ്.
പ്രദേശത്തെ താമസക്കാര്‍ കൈയ്‌മെയ് മറന്നു ഇപ്പോഴും ജോലി ചെയ്തു വരികയാണ്. 71 ചതുരശ്ര മീറ്ററിലാണ് കുളം പൂര്‍ത്തീകരിക്കുന്നത്. ഏകദേശം 10000 ത്തോളം തൊഴില്‍ ദിനങ്ങളാണ് പ്രദേശവാസികള്‍ സൗജന്യമായി ചെയ്യുന്നത്.
നവീകരണ ജോലിക്കായി ചെലവ് കണക്കാക്കുന്നത് ഒരു കോടിയോളം രൂപയാണ്. ഒന്നരലക്ഷത്തിലധികം വെട്ടുക്കല്ലുകളും ഭാവിയില്‍ മണ്ണിടിഞ്ഞു കുളം മൂടാതിരിക്കാന്‍ കുളത്തിനു ചുറ്റും കോണ്‍ക്രീറ്റ് ബെല്‍റ്റുകളും സ്ഥാപിച്ചാണു ജോലികള്‍ നടക്കുന്നത്.
നിലവിലുണ്ടായിരുന്ന കുളം നാലു കോലിലധികം ഇപ്പോള്‍ കുഴിച്ചു താഴ്ത്തി അടിഭാഗത്ത് വെട്ടു കല്ലുകള്‍ പാകിയിട്ടുണ്ട്. നാലു ഭാഗത്തു നിന്നും ഇറങ്ങാനുള്ള പടവുകള്‍ ഉള്‍പ്പെടെയുള്ള ഈ കുളം ഭാവിയിലും വറ്റാതെ കിടക്കണമെന്ന ഒരു പ്രദേശത്തിന്റെ മോഹമാണ് ഇവിടെ സഫലീകരിക്കുന്നത്.
ആയമ്പാറ ശ്രീ മഹാ വിഷ്ണു ക്ഷേത്ര ഗള്‍ഫ് കമ്മിറ്റി, പൊതു ജനങ്ങളുടെ സഹായം എന്നിവ ഉപയോഗിച്ചാണു നവീകരണ ജോലി നടക്കുന്നത്. ഇനിയും രണ്ടു വര്‍ഷമെങ്കിലും വേണം നവീകരണ ജോലി പൂര്‍ത്തിയാകാന്‍.
വേനലില്‍ തൊട്ടപ്പുറത്തെ പുഴയും തോടും ജലമില്ലാതെ വരണ്ടു കിടക്കുമ്പോള്‍ ഈ കുളത്തില്‍ എട്ടു കോലോളം ജലം നിറഞ്ഞു നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."