സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്
ആലത്തൂര്‍: സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്. കാവശ്ശേരി ലോക്കല്‍ സെക്രട്ടറി കെ മുഹമ്മദാലി മാസ്റ്ററുടെ കാവശ്ശേരി വടക്കേനട ശിവക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടു കൂടിയാണ് സംഭവം. രണ്ടു ബിയര്‍ കുപ്പികളില്‍ ടര്പ്പന്റയ്ന് നിറച്ച് കത്തിച്ചാണ് വീടിനകത്തേക്ക് എറിഞ്ഞിരിക്കുന്നത്. മുഹമ്മദാലി കിടന്നുറങ്ങുകയായിരുന്ന മുന്‍വശത്തെ മുറിയിലെ ജനല്പാളിയില് തട്ടി ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് പുറത്തെത്തി നോക്കിയപ്പോഴാണ് ബോംബെറിഞ്ഞത് ശ്രദ്ധയില്‍ പെട്ടത് ഒരെണ്ണം കിടപ്പുറിയിലേക്കും മറ്റൊന്ന് കാര്‍ പോര്ച്ചിലേക്കുമാണ് എറിഞ്ഞത്. നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറില്‍ തട്ടാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ഉടന്‍ തന്നെ ആലത്തൂര്‍ പൊലിസ് സംഭവസ്ഥലം പരിശോധിച്ചു. ഡിവൈ.എസ്.പി വി.എസ് മുഹമ്മദ് കാസിം, എസ്.ഐ എസ് അനീഷ്, സി.ഐ സലീഷ് ശങ്കര്‍ സ്ഥലത്തെത്തി.
ഇയാള്‍ കിടക്കുന്ന മുറി ലക്ഷ്യമാക്കി ജനല്‍ ചില്ല് തകര്‍ത്ത് ഉള്ളിലേക്ക് കടത്തി സ്ഫോടനമുണ്ടാക്കാനാണ് ശ്രമിച്ചിരിക്കുന്നത്. പാളിയില്‍ തട്ടിയതിനാല്‍ ശ്രമം വിഫലമാവുകയായിരുന്നു.
ബന്ധുക്കള്‍ വന്നതിനാല്‍ മക്കളും ബന്ധുക്കളും ചേര്‍ന്ന് രാത്രി 12 വരെ വീടിനു മുന്നില്‍ തന്നെ സംസാരിച്ചിരിക്കുകയും ഇത് നിരീക്ഷിച്ച് ഇവര്‍ ഉറങ്ങാന്‍ പോയതിനു ശേഷവുമാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആലത്തൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സി.പി.എം പ്രവര്‍ത്തകര്‍ ഇന്നലെ വൈകുന്നേരം കാവശ്ശേരി ചുങ്കത്ത് പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."