യൂറോയില്‍ ഇന്ന് വമ്പന്‍മാരുടെ പോര്: സ്‌പെയിന്‍-ഇറ്റലി, ഇംഗ്ലണ്ട്-ഐസ്‌ലന്‍ഡ്
പാരിസ്: യൂറോ കപ്പില്‍ തിങ്കളാഴ്ച്ച രണ്ടു മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ വമ്പന്‍മാരായ ഇറ്റലി നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനിനെ നേരിടുമ്പോള്‍ രണ്ടാം മത്സരം ഇംഗ്ലണ്ടും ഐസ്‌ലന്‍ഡും തമ്മിലാണ്.
തുല്യരുടെ പോരാട്ടം
ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മത്സരം തോറ്റാണ് ഇറ്റലിയും സ്‌പെയിനും പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഇരുവരും യൂറോയില്‍ ഏറ്റുമുട്ടുന്നത് ആറാം തവണയാണ്. കഴിഞ്ഞ തവണത്തെ ഫൈനലില്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ എതിരില്ലാത്ത നാലു ഗോളിന്റെ വമ്പന്‍ ജയമാണ് സ്‌പെയിന്‍ സ്വന്തമാക്കിയത്. എന്നാല്‍ നിലവിലെ ഇറ്റലി ടീം മികച്ചതാണ്. സ്പാനിഷ് ടീമിനോളം തന്നെ കരുത്തുണ്ട് അവര്‍ക്ക്. എദറാണ് ഇറ്റാലിയന്‍ ടീമിന്റെ മുന്നേറ്റത്തെ നയിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച ഫോമിലാണ് താരം കളിച്ചത്. ഗ്രേഷ്യാനോ പെല്ലെ, ജിയാചെറിനി എന്നിവരും മുന്നേറ്റത്തിലുണ്ട്. എന്നാല്‍ മധ്യനിരയില്‍ അന്റോണിയോ കാന്‍ഡ്രെവ കളിക്കില്ല എന്നത് ടീമിന് ക്ഷീണമാണ്. താരത്തിന് പകരക്കാരനെ കോച്ച് പ്രഖ്യാപിച്ചിട്ടുമില്ല. കാന്‍ഡ്രെവയുടെ അഭാവത്തില്‍ മാര്‍ക്കോ പരോളോ മധ്യനിരയുടെ ചുമതല ഏറ്റെടുക്കും. അലക്‌സാന്‍ന്ദ്രോ ഫ്‌ളോറന്‍സി ഡാനിയല്‍ ഡി റോസി എന്നിവര്‍ ഇറ്റാലിയന്‍ ടീമിന്റെ മുതല്‍ക്കൂട്ടാണ്. ചെല്ലിനി നയിക്കുന്ന പ്രതിരോധത്തില്‍ ലിയനാര്‍ഡോ ബൊനൂച്ചി, ആന്‍ഡ്രിയ ബര്‍സാഗ്ലി എന്നീ കരുത്തരുമുണ്ട്.
സ്പാനിഷ് ടീമില്‍ ആല്‍വാരോ മൊറാറ്റ, ഡേവിഡ് സില്‍വ, നോളിറ്റോ എന്നിവരാണ് മുന്നേറ്റത്തെ നയിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇവര്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. സെസ് ഫാബ്രിഗാസ്, ആന്ദ്രേ ഇനിയെസ്റ്റ എന്നിവര്‍ മധ്യനിര നിയന്ത്രിക്കുമ്പോള്‍ പ്രതിരോധം സ്പാനിഷ് ടീമിനെ ആശയങ്കപ്പെടുത്തുന്നുണ്ട്. സെര്‍ജിയോ റാമോസ്, ജോര്‍ദി ആല്‍ബ, ജെറാര്‍ഡ് പിക്വെ എന്നിവര്‍ക്ക് അവരുടെ മികവിലേക്കുയരാനായിട്ടില്ല.
ഐസാവാതിരിക്കാന്‍ ഇംഗ്ലണ്ട്
ഐസ്‌ലന്‍ഡിനെതിരേ മുന്‍തൂക്കം ഇംഗ്ലണ്ടിനാണെങ്കിലും ടീമിന്റെ ഫോം കളിപ്രേമികളെ ആശങ്കപ്പെടുത്തുന്നതാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ തപ്പിത്തടഞ്ഞാണ് ടീം നോക്കൗട്ടിലെത്തിയത്. മുന്‍നിര താരങ്ങള്‍ക്കൊന്നും ഫോമിലേക്കുയരാനായിട്ടില്ല. ജാമി വാര്‍ഡിക്ക് പകരം ഹാരി കെയ്ന്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കാനാണ് സാധ്യത. റഹീം സ്റ്റെര്‍ലിങും ആദം ലല്ലാന എന്നിവരും മുന്‍നിരയില്‍ ഇടംപിടിച്ചേക്കും. മധ്യനിരയെ റൂണി നയിക്കാനാണ് സാധ്യത. റൂണിക്കൊപ്പം എറിക്ഡിയര്‍, ഡെല്ലെ അല്ലി, എന്നിവരും കളത്തിലിറങ്ങും.
എന്നാല്‍ ഇംഗ്ലണ്ടിന്റെ താരബലത്തെ കൂസാതെ കളിക്കുമെന്ന് ഐസ്‌ലന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.ജോണ്‍ ഡാഡി ബോഡ്‌വാര്‍സന്‍, സിഗ്‌തോര്‍സന്‍, സിഗൂഡ്‌സന്‍, ആരോണ്‍ ഗന്നാര്‍സന്‍ എന്നീ മികച്ച താരങ്ങള്‍ ടീമിലുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."