ആര്.എസ്.എസിന്റെ അക്രമവിരുദ്ധ സുഭാഷിതം കാപട്യം: കോടിയേരി
തിരുവനന്തപുരം: കാവിപ്പടയുടെ പരീക്ഷണശാലയായി കേരളം മാറാത്തതിലുള്ള ദേഷ്യമാണ് പ്രമേയത്തിലൂടെ ആര്.എസ്.എസ് ദേശീയ പ്രതിനിധിസഭ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.
കൊലയാളികള്‍ തന്നെ അക്രമവിരുദ്ധ സുഭാഷിതം നടത്തുന്ന കാപട്യമാണ് കോയമ്പത്തൂരിലെ ആര്.എസ്.എസ് വേദിയില്‍ കണ്ടത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഒന്‍പത് മാസത്തിനുള്ളില്‍ ഒന്‍പത് കൊലപാതകങ്ങള്‍ ആര്.എസ്.എസ് നടത്തി. സി.പി.എമ്മിന്റെ മാത്രം 209 പ്രവര്‍ത്തകരെയാണ് വിവിധ ദശകങ്ങള്‍ക്കുള്ളില്‍ ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്.
കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും എസ്.ഡി.പി.ഐയുടെയും ജനതാദള്‍ (യു) വിന്റേയും പ്രവര്‍ത്തകരെയും സംഘ്പരിവാര്‍ കൊലപ്പെടുത്തിയിട്ടുണ്ട്. എതിരേ ശബ്ദിക്കുന്ന ആരേയും ഇല്ലാതാക്കുന്ന കൊലയാളി സംഘമാണ് ആര്.എസ്.എസ്.
നാട്ടില്‍ വര്‍ഗീയ ലഹളയും കുഴപ്പങ്ങളും സൃഷ്ടിക്കുകയും അതുവഴി പരക്കുന്ന ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും നടുവില്‍ സംഘടനയെ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്നതാണ് ആര്.എസ്.എസ് ശൈലിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."