ആത്തൂര്‍ കൊമ്പനെ തമിഴ്നാട്ടിലേക്ക് തുരത്തുക: ഫോറസ്റ്റ് ഓഫിസ് ഉപരോധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി
പുതുനഗരം: ചെമ്മണാമ്പതിയില്‍ ആത്തൂര്‍ കൊമ്പനെ തമിഴ്നാട്ടിലെത്തിക്കാന് നടപടിയെടുത്തില്ലെങ്കില്‍ ഫോറസ്റ്റ് ഓഫിസ് ഉപരോധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി. ചെമ്മണാമ്പതി അടിവാരപ്രദേശങ്ങളില് ജനജീവിതത്തെ ഭീതിയിലാക്കുന്ന ആത്തൂര്‍ കൊമ്പനെ തിരിച്ച് തമിഴ്നാട്ടിലേക്ക് വിട്ടില്ലെങ്കില്‍ ശക്തമായ സമരത്തിനിറങ്ങുമെന്ന് മൂച്ചങ്കുണ്ടില്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
കഴിഞ്ഞ ഒരുമാസത്തിനകം 15 ലക്ഷത്തിന്റെ കാര്‍ഷിക വിളകളും പത്ത് ലക്ഷത്തിന്റെ വാസഗൃഹങ്ങളും നശിപ്പിച്ച ആത്തൂര്കൊമ്പനെ തിരിച്ച് സത്യമംഗലം വനത്തിനകത്ത് പ്രവേശിപ്പിക്കണമെന്നും അതുവരെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുവാന്‍ പൊലിസും വനംവകുപ്പും മൂച്ചങ്കുണ്ട് മേഖലയില്‍ മുഴുവന്‍ സമയത്തും സാന്നിധ്യം ഉറപ്പാക്കണമെന്നും പഞ്ചായത്ത് അംഗം കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള യോഗം ആവശ്യപ്പെട്ടു.
അടിവാരത്തെത്തിയ മറ്റുകാട്ടാനകളെ പറമ്പിക്കുളം വനാന്തര മേഖലയിലെത്തിക്കുക, വനാതിര്‍ത്തിയില്‍ സൗരോര്‍ജ വൈദ്യുതിലൈനുകള്‍ സ്ഥാപിക്കുക, പോത്തുണ്ടി മുതല്‍ തമിഴ്നാട് അതിര്‍ത്തി ചെമ്മണാമ്പതിവരെ ട്രഞ്ച് നിര്‍മിക്കുക, കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി കാട്ടാനകളുടെ ആക്രമണം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ആര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, വീടുകള്‍ നഷ്ടപെട്ടവര്‍ക്ക് നഷ്ടപരിഹാരം തുക വൈകിപ്പിക്കാതിരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വനംവകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്കാന് യോഗത്തില്‍ തൂരുമാനമായി.
പഴനിസ്വാമി, മത്തായിമാത്യു, ശെന്തില്‍, കിട്ടുസ്വാമി, മുത്തുകുമാര്‍, അരുണ്‍, ഉമ്മര്‍, ചിന്നകുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."