റവന്യൂ വകുപ്പിലെ സ്ഥലംമാറ്റം; മുഖ്യമന്ത്രിക്കെതിരേ സി.പി.ഐ
തിരുവനന്തപുരം: റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടിനെതിരേ സി.പി.ഐ. സെക്രട്ടറി തലത്തില്‍ വ്യാപക അഴിച്ചുപണി നടത്തിയ മുഖ്യമന്ത്രി റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിച്ച നടപടിയാണ് വിവാദം ഉയര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ എടുത്ത വിവാദ തീരുമാനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച സെക്രട്ടറിയെ ഒഴിവാക്കണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ രണ്ടാമത്തെ മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടുവെങ്കിലും മുഖ്യമന്ത്രി സെക്രട്ടറിയെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനനാളുകളില്‍ റവന്യൂ സെക്രട്ടറിക്കെതിരേ പരസ്യമായി രംഗത്തു വന്നവര്‍ ഇപ്പോള്‍ സംരക്ഷകരായി മാറുന്നുവെന്നാണ് സി.പി.ഐയുടെ പരാതി. ജില്ലാ കലക്ടര്‍ തലത്തില്‍ അഴിച്ചുപണി നടത്താനുള്ള തീരുമാനവും മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചതിലും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ പല കലക്ടര്‍മാരും സി.പി.ഐയുടെ സര്‍വിസ് സംഘടനയായ ജോയിന്റെ കൗണ്‍സില്‍ പ്രവര്‍ത്തകരെ ദ്രോഹിക്കുന്നതായി ഇതിനകം പരാതിയുയര്‍ന്നിട്ടുണ്ട്. എറണാകുളത്ത് കഴിഞ്ഞദിവസം കലക്ടര്‍ രാജമാണിക്യവും ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരും തമ്മില്‍ ചില പ്രശ്‌നങ്ങളുടെ പേരില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റുകളില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകരെ നിയോഗിച്ച നടപടിയാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.
സമാനസംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടും മന്ത്രിക്ക് ഇടപെടാന്‍ സാധിക്കാത്തത് മുഖ്യമന്ത്രിയുടെ കടുത്ത നിലപാട് മൂലമായിരുന്നു. തങ്ങളുടെ വകുപ്പുകളില്‍ സി.പി.എം നടത്തുന്ന കൈകടത്തല്‍ അംഗീകരിക്കേണ്ടതില്ലെന്നും സി.പി.ഐ മന്ത്രിമാര്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."