ബജറ്റവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: അവതരണത്തിന് മുമ്പ് ബജറ്റ് പ്രസംഗത്തിന്റെ കോപ്പി അംഗങ്ങള്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഉച്ചക്ക് ശേഷം നടന്ന ബജറ്റിന്മേലുള്ള ചര്‍ച്ചയിലും യു.ഡി.എഫ് അംഗങ്ങള്‍ പങ്കെടുത്തില്ല. നാടിന്റെ സമഗ്ര വികസനത്തെ പിന്നോട്ട് നയിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്റെ നേതൃത്വത്തില്‍ അന്‍സജിത റസ്സല്‍, ജോസ്‌ലാല്‍, രമാകുമാരി, ശോഭനകുമാരി, സുജാത തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളാണ് ബഹിഷ്‌കരിച്ചത്. അതേസമയം ബി.ജെ.പിയുടെ ഏക അംഗം ഭരണപക്ഷത്തിന് പിന്തുണയുമായി ബജറ്റ് അവതരണം നടന്ന കൗണ്‍സില്‍ ഹാളിനകത്ത് തുടര്‍ന്നു.
ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രസിഡന്റ് വി.കെ മധു നടത്തിയ ആമുഖ പ്രസംഗത്തില്‍ ബജറ്റിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ ഇനി ബജറ്റ് അവരണത്തിന്റെ കാര്യമില്ലെന്നും പറഞ്ഞ് പ്രതിപക്ഷം തുടക്കത്തില്‍തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രതിപക്ഷം വഴങ്ങി ബജറ്റ് അവതരണത്തിനുള്ള സാഹചര്യം ഒരുക്കി.
തുടര്‍ന്ന് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം ബജറ്റ് അവതരണത്തിനായി മൈക്കിന് മുന്നിലേക്കെത്തിയതോടെയാണ് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ബജറ്റ് പ്രസംഗത്തിന്റെ കോപ്പി തങ്ങള്‍ക്ക് തന്നതിന് ശേഷം മതി അവതരണമെന്നുപറഞ്ഞ് പ്രതിപക്ഷ നേതാവ് കൂടിയായ കോണ്‍ഗ്രസ് അംഗം ആനാട് ജയന്‍ രംഗത്തെത്തി.
മുന്‍ വര്‍ഷങ്ങളിലെല്ലാം കോപ്പി നേരത്തെ നല്‍കിയിരുന്നതായി ആനാട് ജയന്‍ വാദിച്ചതോടെ ബജറ്റിന്റെ കോപ്പി അംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കിയെങ്കിലും വരവ് ചെലവ് കണക്കുകള്‍ അല്ലാതെ പദ്ധതികള്‍ അടങ്ങുന്ന ബജറ്റ് പ്രസംഗത്തിന്റെ കോപ്പി ഉള്‍പ്പെടുത്തിയിരുന്നില്ല. പ്രസംഗത്തിന്റെ കോപ്പി കിട്ടാതെ അവതരണത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞെങ്കിലും വൈസ് പ്രസിഡന്റിന്റെ അവതരണം കഴിയാതെ കോപ്പി നല്‍കില്ലെന്ന നിലപാടില്‍ ഭരണകക്ഷി ഉറച്ചുനിന്നു. തുടര്‍ന്ന് പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചശേഷം പുറത്തേക്ക് പോവുകയായിരുന്നു.
അതേസമയം ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ ബജറ്റിലെ പദ്ധതികളുടെ പേര് മാറ്റിയുള്ള പ്രഖ്യാപനം മാത്രമാണ് ഇപ്പോഴത്തെ ബജറ്റെന്ന് പ്രതിപക്ഷം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."