കുണ്ടറ സംഭവം: പേരക്കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത് കഴിഞ്ഞ വേനല്‍ അവധിക്കാലത്ത്
കൊല്ലം: കുണ്ടറയില്‍ പേരക്കുട്ടിയ നരാധമനായ മുത്തച്ചന്‍ വിക്ടര്‍ ഡാനിയേല്‍ ആദ്യമായി ഉപദ്രവിച്ചത് കഴിഞ്ഞ വേനല്‍കാലത്ത്. അന്ന് പിതാവ് ജോസിനെതിരേ കുണ്ടറ പൊലിസ് പീഡനക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഷീജ മക്കളെയും കൂട്ടി തൊട്ടടുത്ത് തന്നെയുള്ള വിക്ടര്‍ ഡാനിയേലിന്റെ വീട്ടില്‍ താമസത്തിനെത്തുകയായിരുന്നു. സ്വന്തം വീട് വാടകയ്ക്ക് നല്‍കിയ ശേഷമാണ് ഇവര്‍ മാതാപിതാക്കര്‍ക്കൊപ്പമെത്തിയത്. വിക്ടറിന്റെ സ്വഭാവ ദൂഷ്യം വ്യക്തമായറിയാമെങ്കിലും പേരക്കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറുമെന്ന് മാതാവ് കരുതിയില്ല. കഴിഞ്ഞ ഏപ്രിലില്‍ മുത്തശ്ശി ലത സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും മാതാവ് ജോലിക്ക് പോവുകയും ചെയ്ത ഒരു ദിവസം പകല്‍ നേരത്താണ് വിക്ടര്‍ പെണ്‍കുട്ടിയെ ആദ്യമായി ഉപദ്രവിച്ചത്. പത്തുവയസ് മാത്രം പ്രായമുള്ള കുട്ടി എതിര്‍ക്കുകയും പിന്നീട് മുത്തശ്ശിയോടും പരാതി പറയുകയും ചെയ്തു. ചേച്ചിയോടും ഇതുപോലെ പെരുമാറിയതോടെയാണ് മാതാവ് വിവരമറിയുന്നത്. എന്നാല്‍ വിക്ടര്‍ വീട്ടിലുള്ള എല്ലാവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
പിന്നീട് പലപ്പോഴും പെണ്‍കുട്ടികളെ പീഡിപ്പിക്കുമ്പോള്‍ മാതാവും മുത്തശ്ശിയും നേരില്‍ക്കണ്ടതായും പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. വിക്ടറിനെ ഭയന്ന് എതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. കുട്ടികളോടുള്ള ഉപദ്രവം കൂടി വന്നപ്പോള്‍ മാതാവ് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ താഴത്തെനില വാടകയ്ക്ക് കൊടുക്കുകയും മുകളില്‍ മാതാവും മക്കളും താമസിക്കുകയും ചെയ്തു. എന്നാല്‍ വിക്ടര്‍ ഇവിടെ എത്തിയും പീഡിപ്പിക്കാന്‍ ശ്രമിച്ചു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു. ജനുവരി 15ന് രാവിലെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് പെണ്‍കുട്ടി കത്തെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്തത്. സഹോദരി നോക്കി നില്‍ക്കെയായിരുന്നു ആത്മഹത്യാ കുറിപ്പ് എഴുതിയതെന്നും പൊലിസ് പറഞ്ഞു. ജനലഴിയില്‍ തൂങ്ങി മരിച്ച അനിലയുടെ മൃതദേഹം സാധാരണ ആത്മഹത്യയെന്ന തരത്തില്‍ പൊലിസ് എഴുതിത്തള്ളുകയും ചെയ്തു. എന്നാല്‍ കേസ് വീണ്ടും കുത്തിപ്പൊക്കിയതോടെ വിക്ടറിന്റെ ക്രൂരതകള്‍ പുറത്ത് വരികയായിരുന്നു. വീട്ടിലെ ജനല്‍കമ്പിയില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടപ്പോള്‍ മുതല്‍ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പിറ്റേന്ന് ഉച്ചകഴിഞ്ഞ് സംസ്‌കാരവും നടത്തി. കുണ്ടറ സി.ഐയുടെ ചുമതല വഹിക്കുന്ന എഴുകോണ്‍ സി.ഐ ബിനുവിന്റെ നേതൃത്വത്തില്‍ കുണ്ടറ പൊലിസ്, സയന്റിഫിക് ഫോറന്‍സിക് വിഭാഗം തുടങ്ങിയവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച ശേഷമായിരുന്നു മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
സ്‌കൂളിലെ കാര്യപ്രാപ്തിയുള്ള മിടുക്കിക്കുട്ടി, മറിച്ചൊന്ന് പറയാന്‍ ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ സഹപാഠികള്‍ക്കോ അധ്യാപകര്‍ക്കോ ഒന്നുമില്ല. സ്വസ്ഥമായി ജീവിക്കാന്‍ കഴിയില്ലെന്ന് അനില എഴുതിവച്ചതായി കരുതുന്ന ആത്മഹത്യാകുറിപ്പ് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ആ കുറിപ്പും ഇപ്പോള്‍ സംശയത്തിന് ഇടവരുത്തിയിരിക്കുകയാണ്. കത്ത് കുട്ടിയല്ല എഴുതിയിരിക്കുന്നതെന്ന സംശയം ബലപ്പെട്ടതോടെ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ സ്വന്തം പിതാവിനെ കുറ്റക്കാരനാക്കിയാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. കുട്ടിയുടെ മാതാവും ബന്ധുക്കളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഷീജയുടെ ബന്ധുക്കള്‍ വീട് ആക്രമിച്ചതുള്‍പ്പടെയുള്ള സംഭവവും ഉണ്ടായി. തന്നെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതില്‍ പിതാവ് പലരോടും പരാതി പറഞ്ഞിരുന്നു. കേസില്‍ മറ്റ് പലരുടെയും സാന്നിധ്യം ജോസ് പറഞ്ഞെങ്കിലും കുറ്റാരോപിതന്റെ വാക്കുകള്‍ക്ക് ആരും വില കല്‍പ്പിച്ചില്ല. പൊലിസ് ജോസിനെ ചോദ്യം ചെയ്തില്ലെങ്കിലും മകളെ പീഡിപ്പിച്ചയാള്‍ എന്ന പേരുദോഷവുമായി രണ്ട് മാസമായി ജോസ് നീറി നീറി ജീവിക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെ അതിന്റെ സാരാംശം ഒരു ഡോക്ടറുടെ സഹായത്തോടെ മനസിലാക്കിയ ജോസ് ഒരു പിതാവിന്റെ കര്‍ത്തവ്യം ഏറ്റെടുക്കുകയായിരുന്നു. നാട്ടില്‍ പീഡന പരമ്പരകള്‍ അരങ്ങേറുന്ന കാലമായതിനാല്‍ നേരെ മാധ്യമ പ്രവര്‍ത്തകരോട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വിശദീകരിച്ചു. ഇതോടെയാണ് കേസിന് വഴിത്തരിവായത്. കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടര്‍ ഇപ്പോള്‍ ഒരു ലോഡ്ജ് മാനേജറാണ്. ഇയാള്‍ പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നുവെന്ന മൊഴികളും പൊലിസിന് ലഭിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യം ചെയ്യലിലാണ് കേസിലെ കാര്യങ്ങളുടെ ചുരുളഴിഞ്ഞത്.
ജനുവരി 15നായിരുന്നു കുണ്ടറയില്‍ പെണ്‍കുട്ടിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നിലത്ത് മുട്ടിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്. മാതാവും പിതാവും തമ്മിലുള്ള കുടുംബ പ്രശ്‌നത്തിലാണ് തൂങ്ങിമരിക്കുന്നത് എന്ന രീതിയിലുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരുന്നത്. തീയതിയും ഒപ്പും സഹിതമായിരുന്നു കുറിപ്പ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ വല്‍സല പുതിയ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നും ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലിസോ അധികൃതരോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാര്യമായി പരിഗണിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ ആത്മഹത്യയായി കേസ് അവസാനിപ്പിക്കുകയായിരുന്നു. ശേഷം ശക്തമായ പ്രതിഷേധത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ മരണം അന്വേഷിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ കുണ്ടറ എസ്.ഐ രജീഷ് കുമാറിനേയും കുണ്ടറ സി.ഐ സാബുവിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പീഡനം നടത്തുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കൊട്ടാരക്കര: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പീഡനം നടത്തുന്ന കൊടുംക്രൂരരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കുണ്ടറ സംഭവത്തില്‍ പൊലിസ് കാട്ടിയ അനാസ്ഥയ്‌ക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ റൂറല്‍ എസ്.പി. ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ക്കു വരെ സുരക്ഷിതത്വം നഷ്ടമായി കഴിഞ്ഞു. പീഡനപരമ്പരകള്‍ അരങ്ങേറുമ്പോള്‍ പൊലിസ് കാഴ്ചക്കാരായി മാറുന്ന സ്ഥിതിയാണ്. തുടക്കത്തിലേ ശക്തമായി അമര്‍ച്ച ചെയ്യാന്‍ പൊലിസിന് കഴിഞ്ഞിരുന്നെങ്കില്‍ കുറ്റ കൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരുന്നേനെ. അടുത്തിടെയുണ്ടായ പല സ്ത്രീപീഡന കേസുകളിലും സി.പി.എമ്മില്‍പ്പെട്ടവരോ അവരുമായി ബന്ധമുള്ളവരോ പങ്കാളികളാണ്. പൊലിസ് സംരക്ഷണം ദുര്‍ബലപ്പെടുത്തി കോടതിയില്‍ കീഴടങ്ങാനുള്ള സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരെന്നു അദ്ദേഹം പറഞ്ഞു.
കുണ്ടറ സംഭവം തേച്ചു മായ്ച്ചു കളയാനാണ് തുടക്കം മുതല്‍ ശ്രമിച്ചത്. ഇതില്‍ സി.പി.എമ്മിന് പങ്കുണ്ട്. ജനരോക്ഷം ഉണ്ടാകുമ്പോഴാണ്പ്രതിയെ പിടികൂടിയത്. കുണ്ടറ സംഭവത്തില്‍ പ്രതിക്കെതിരേ കാപ്പ ചുമത്തണം. കീഴുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമം. ഇവര്‍ക്കുമുകളില്‍ ഉള്ള അന്വേഷണ ഉദ്യോഗസ്ഥരേയും വകുപ്പുതല നടപടിക്ക് വിധേയമാക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മണികണ്ഠന്‍ ആള്‍ത്തറയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷയായി. പ്രതാപവര്‍മ്മ തമ്പാന്‍, രാജ്‌മേഹന്‍ ഉണ്ണിത്താന്‍, ജി.രതികുമാര്‍, ഷാനിമോള്‍ ഉസ്മാന്‍, സൂരജ് രവി, എം.എം നസീര്‍, ലതാ സി നായര്‍, ബിന്ദു.ജെ.എന്‍, കൃഷ്ണവേണ ശര്‍മ്മ, ചിറ്റുമല നാസര്‍, പി.ഹരികുമാര്‍, ബ്രിജേഷ്എബ്രഹാം, പെരുംകുളം സജിത്, ഒ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."