തുണി സഞ്ചിക്കായി കുടുംബശ്രീ വിപണന കേന്ദ്രം
കണ്ണൂര്‍: നാല് രൂപ മുതല്‍ 490 രൂപ വരെയുള്ള തുണി സഞ്ചികളുടെ ആകര്‍ഷണീയ വിപണന കേന്ദ്രവുമായി കുടുംബശ്രീ. 53 യൂനിറ്റുകളുടെ സഹകരണത്തോടെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിപണന കേന്ദ്രം തുടങ്ങിയത്. ഏപ്രില്‍ രണ്ടിന് ജില്ലയെ പ്ലാസ്റ്റിക് കാരിബാഗ് ഡിസ്‌പോസിബിള്‍ മുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലയിലെ തുണിസഞ്ചി നിര്‍മാണ സംരംഭകരെ പങ്കെടുപ്പിച്ച് മേള സംഘടിപ്പിച്ചത്.
കുഞ്ഞു പൗച്ച് രൂപത്തില്‍ കൈപ്പിടിയില്‍ ഒതുക്കാവുന്ന ആവശ്യത്തിനനുസരിച്ച് നിവര്‍ത്തി എടുക്കാനാവുന്ന തുണിസഞ്ചികളും. കണ്ടുപഴകിയവക്ക് പകരമായി ആരെയും ആകര്‍ഷിക്കുന്ന സൗകര്യപ്രദമായ രൂപത്തിലുളള സഞ്ചികളും വിപണനമേളയിലുണ്ട്. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ നടക്കുന്ന വിപണനമേളയില്‍ മയ്യില്‍, കൊട്ടിയൂര്‍, ചെമ്പിലോട്, ഏഴോം, ആറളം ഗ്രാമശ്രീ അപ്പാരല്‍ യൂണിറ്റുകളുമാണ് ആദ്യദിനം ഉത്പന്നങ്ങളുമായെത്തിയത്. സ്‌കൂള്‍ ബാഗുകള്‍, ഫയല്‍ ഫോള്‍ഡര്‍, ട്രാവലര്‍ബാഗ് തുണിസഞ്ചികള്‍ മേളയിലുണ്ട്. കുടുംബശ്രീ തയ്യല്‍ യൂനിറ്റുകള്‍ക്കൊപ്പം ഇരിണാവ് വീവേഴ്‌സ്, കേരള ദിനേശ്, ഗ്രാമം അഴീക്കോട് എന്നിവയുടെ ഉത്പന്നങ്ങളും ശ്രീകണ്ഠപുരത്തെ മലബാര്‍ ഫാംഡിഷിന്റെ പാള പ്ലേറ്റുകളും വില്‍പ്പനയ്ക്കുണ്ട്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള 22ന് വൈകുന്നേരം സമാപിക്കും. ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം വാങ്ങാനും ആവശ്യമുള്ള ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാ നും മേളയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മേളയുടെ ഉദ്ഘാടനം കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിച്ചു. ടി.ടി റംല അധ്യക്ഷയായി. കെ. പ്രകാശന്‍, ദിലീപ്കുമാര്‍, ഡോ എം. സുര്‍ജിത്, ഇ.കെ സോമശേഖരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."