തിരുനക്കര പകല്‍പ്പൂരം ഇന്ന്: പൂരലഹരിയില്‍ അക്ഷരനഗരി
കോട്ടയം: പൂരപ്രേമികള്‍ ഇന്ന് അക്ഷരനഗരിയിലേക്ക് ഒഴുകിയെത്തും. ഗജവീരന്മാരും ആല്‍ത്തറമേളവും കുടമാറ്റവും പൂരപ്രേമികളെ ആവേശത്തിലാക്കുന്ന കാഴ്ച്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം.
വടക്കുംനാഥന്റെ ദേവചൈതന്യം കുടികൊള്ളുന്ന തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പകല്‍പൂരച്ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആരംഭിക്കുന്നത്.
തൃക്കടവൂര്‍ ദേവസ്വം ശിവരാജു, പുതുപ്പള്ളി സാധു, മലയാലപ്പുഴ രാജന്‍, ചൈത്രം അച്ചു, കുന്നത്തൂര്‍ രാമു, തോട്ടുചാലില്‍ ബോലോനാഥ്, കാഞ്ഞിരക്കാട് ശേഖരന്‍, ശ്രീധരീയം മഹാദേവന്‍, ചുരൂര്‍മഠം രാജശേഖരന്‍, കുളമാക്കില്‍ പാര്‍ഥസാരഥി, പനയനാര്‍ക്കാവ് കാളിദാസന്‍, ചിറക്കാട്ട് കണ്ണന്‍, ചാന്നാനിക്കാട് അയ്യപ്പന്‍കുട്ടി, പല്ലാട്ട് ബ്രഹ്മദത്തന്‍, വേമ്പനാട്ട് അര്‍ജുനന്‍, പത്മന ശരവണന്‍, ഉണ്ണിപ്പള്ളില്‍ ഗണേശന്‍, കിരണ്‍ ഗണപതി, ഉഷശ്രീ ദുര്‍ഗാപ്രസാദ്, നടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍, വെണ്‍മണി നീലകണ്ഠന്‍ എന്നീ ഗജവീരന്‍മാരാണ് പൂരത്തിന് എഴുന്നള്ളത്.
മേളകുലപതി പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന ആല്‍ത്തറമേളമാണ് പൂരത്തിന്റെ മറ്റൊരു പ്രത്യേകത. തൃശൂര്‍ പാറമേക്കാവ്, തിരുവാമ്പാടി ദേവസ്വത്തിന്റെ കുടമാറ്റവും പൂരത്തിന് ആവേശം പകരും. ജോസ് കെ.മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മെംബര്‍മാരായ അജയ് തറയില്‍, കെ.രാഘവന്‍, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളായി എത്തും.
പൂരത്തിന്റെ ഭാഗമായി ക്ഷേത്രസന്നിധിയില്‍ ഇന്ന് രാവിലെ 10മുതല്‍ മേളകുലപതി പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം അരങ്ങേറും. കാലാവേദിയില്‍ ഉച്ചകഴിഞ്ഞ് 1.30മുതല്‍ തടിക്കല്‍ ജയശങ്കര്‍ നയിക്കുന്ന കളരിപ്പയറ്റും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."