പെട്രോള്‍ പമ്പില്‍ യുവാവിനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
കോടാലി: ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പിലെത്തിയ യുവാവിനെ വാക്കേറ്റത്തെത്തുടര്‍ന്ന് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തൃശൂര്‍ ചേലക്കാട്ടുകര ശ്രീദുര്‍ഗ പെട്രോള്‍ പമ്പില്‍ ബൈക്ക് യാത്രികര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് സംഭവം.
സംഭവത്തില്‍ മുപ്ലിയം സ്വദേശി മാണുകാടന്‍ വീട്ടില്‍ ദിലീപി (30) നു പൊള്ളലേറ്റു. 25 ശതമാനം പൊള്ളലേറ്റ ദിലീപിനെ കോടാലി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപമുള്ള പെട്രോള്‍ ഡിസ്‌പെന്‍സിങ് യൂനിറ്റിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വെള്ളിക്കുളങ്ങര പൊലിസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍പ്പെട്ട കരിമണി എന്നറിയപ്പെടുന്ന ഒമ്പതുങ്ങള്‍ വട്ടപറമ്പന്‍ വീട്ടില്‍ വിനീത് (32) ആണ് ദിലീപിന്റെ ദേഹത്തും വണ്ടിയിലും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയതെന്ന് പൊലിസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 ഓടെയാണ് ദിലീപ് സുഹൃത്തായ മുപ്ലിയം പീണിക്ക വീട്ടില്‍ സുരാജുമൊത്തു ബൈക്കില്‍ പമ്പിലെത്തിയത്. ബൈക്കുമായി കുപ്പിയില്‍ പെട്രോള്‍ വാങ്ങാന്‍ എത്തിയതായിരുന്നു വിനീത് . ഇതിനിടയില്‍ ബൈക്ക് മാറ്റുന്നതിനെചൊല്ലി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ വിനീത് കൈയിലെ കുപ്പിയിലുള്ള പെട്രോള്‍ ബൈക്കുമായി പോകാന്‍ ശ്രമിച്ച ദിലീപിന്റെ ദേഹത്തേക്ക് ഒഴിച്ച് തീ കൊടുക്കുകയായിരുന്നു.
വസ്ത്രത്തിലേക്ക് തീ പടര്‍ന്ന ദിലീപ് അടുത്തുള്ള തോട്ടില്‍ ചാടി രക്ഷപ്പെട്ടു. ഇതിനിടെ തീപിടിച്ച ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. ദിലീപിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സുരാജ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പമ്പ് ജീവനക്കാരിയുടെ കൈക്കും പൊള്ളലേറ്റിയിട്ടുണ്ട്. ബൈക്കില്‍ തീ പടര്‍ന്നതോടെ മറ്റു ജീവനക്കാരും ഓടി രക്ഷപ്പെട്ടു. പുതുക്കാട് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയശേഷമാണ് പൂര്‍ണമായും തീയണച്ചത്. തൊട്ടരികില്‍ കിടന്ന് ബൈക്ക് കത്തിയെങ്കിലും ഫ്യൂവല്‍ ഡിസ്‌പെന്‍സറിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ അടിയന്തര സാഹചര്യങ്ങളില്‍ തീയണക്കാനായി പമ്പില്‍ സൂക്ഷിച്ചിരുന്ന അഗ്‌നിശമനിയുടെ സിലിണ്ടര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും തീയണയ്ക്കാനായില്ല. സിലിണ്ടര്‍ ഉപയോഗിക്കുന്നതിനു പമ്പിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിരുന്നുമില്ലെന്ന് ആരോപണമുണ്ട്.
എസ്.ഐ എസ്.എല്‍ സുധീഷിന്റെ നേതൃത്വത്തില്‍ വെള്ളിക്കുളങ്ങര പൊലിസും സ്ഥലത്തെത്തി. പെട്രോള്‍ പമ്പിലെ കാമറയില്‍ പതിഞ്ഞ പ്രതിയുടെ മുഖം വിനീതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. വിനീത് നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."