സഹാനുഭൂതി പകരുന്ന വ്രതകാലം
മലബാറിലെ നോമ്പൊരുക്കവും നോമ്പുതുറയും വേറിട്ട അനുഭൂതിയാണ് പകരുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ നോമ്പെടുത്തിട്ടുണ്ട്. പുണ്യമാസത്തില്‍ മുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പം എല്ലാ ദിവസവും നോമ്പെടുക്കാന്‍ കഴിയില്ലെങ്കിലും നോമ്പ് ദിവസങ്ങളില്‍ പരസ്യമായി ഭക്ഷണം കഴിക്കാറില്ല. നോമ്പ് അനുഷ്ഠിക്കുന്നവനെ ബഹുമാനിക്കുന്നതുകൂടി പുണ്യ പ്രവൃത്തിയായതിനാല്‍ മിക്കവാറും ഞാന്‍ ആ കടമയാണ് നിറവേറ്റാറുള്ളത്.
ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പെരുമ വിളിച്ചോതുന്നതാണ് നോമ്പ് ദിനങ്ങള്‍. മനുഷ്യന്റെ അതിരുകവിഞ്ഞ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു എന്നതാണ് ഈ പുണ്യമാസത്തിന്റെ പ്രത്യേകത. വ്രതത്തിലൂടെ മനസിനെ സംസ്‌കരിച്ചെടുക്കാനും പ്രലോഭനങ്ങളെ അതിജീവിക്കാനും വ്യക്തികള്‍ക്ക് കഴിയുന്നു. റമദാനിലെ ആത്മ ബോധമാണ് വ്യക്തികള്‍ക്ക് കരുത്ത് പകരുന്നത്.
മനസും ശരീരവും വ്യക്തിയിലേക്ക് ചുരുങ്ങിപ്പോകുന്നുവെന്നതാണ് റമദാനിന്റെ മറ്റൊരുപ്രത്യേകത. ആത്മാവിന്റെ പരിശുദ്ധി ഓരോ മുസല്‍മാന്റെയും മനസില്‍ ദര്‍ശിക്കാന്‍ നോമ്പുകൊണ്ട് സാധ്യമാവുന്നുണ്ട്. ത്യാഗം,സ്‌നേഹം,നന്ദി എന്നീ സന്ദേശങ്ങളാണ് ഇതിലൂടെ ലോകം മുഴുവന്‍ വ്യാപിക്കുന്നത്. ഇഫ്താര്‍ വിരുന്നുകള്‍ ഒരുമയുടെ നോമ്പ് കാലത്തെയാണ് ഓര്‍മിപ്പിക്കുന്നത്.
ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരും പാവപ്പെട്ടവനും പണക്കാരനും ഒരു കാരക്കച്ചീളു കൊണ്ട് നോമ്പ് തുറക്കുന്നത് കാണുമ്പോള്‍ മനസില്‍ ആത്മ സംതൃപ്തിയുണ്ടാവും. വിശ്വമാനവികതയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഇത്തരം വിരുന്നുകള്‍ വഴിയൊരുക്കും. തരിക്കഞ്ഞിയും ഇറച്ചി വിഭവങ്ങളും മലബാറിലെ നോമ്പുതുറയിലെ പ്രധാന വിഭവങ്ങളാണ്.
ദില്ലിയില്‍ ഇ.അഹമ്മദിനൊപ്പം ഇഫ്താറില്‍ പങ്കെടുക്കാനായതാണ് മറക്കാനാവാത്ത നോമ്പോര്‍മ. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ എല്ലാ എം.പിമാരെയും ഉള്‍ക്കൊള്ളിച്ച് നടത്തുന്ന ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമാണ്. പാര്‍ലമെന്റില്‍ വിവിധ വിഷയങ്ങളില്‍ വിയോജിച്ച് പോര്‍വിളിച്ചവര്‍ അഹമ്മദ് സാഹിബിന്റെ ഇഫ്താര്‍ വിരുന്നില്‍ അതെല്ലാം മറന്ന് ഒരുമിച്ചിരുന്ന് സൗഹൃദത്തിലാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ വിശുദ്ധമാസത്തിലും കേള്‍ക്കുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണ്. എനിക്ക് പറയാനുള്ളത്, 'മതത്തിന്റെ പേരില്‍ മറ്റൊരാളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ഭരണാധികാരിയായാലും പുറത്ത് നിന്നുള്ളയാളായാലും ഞാന്‍ അവരെ സംരക്ഷിക്കാന്‍ വേണ്ടി പോരാടും' എന്ന നെഹ്‌റുവിന്റെ പ്രശസ്തമായ വാക്കു മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."