സഊദി തലസ്ഥാനത്തെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ തയ്യാറെന്ന് യമന്‍ വിമതര്‍
റിയാദ്: യമനില്‍ യുദ്ധത്തില്‍ യമന്‍ സര്‍ക്കാറിനു വേണ്ടി മുഖ്യ പങ്കു വഹിക്കുന്ന സഖ്യസേനയുടെ നേതൃത്വം വഹിക്കുന്ന സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ തയ്യാറാണെന്ന് യമന്‍ വിമതര്‍ ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം റിയാദ് എയര്‍ ബേസ് ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപണം നടത്തിയെന്നവകാശ പ്പെട്ടതിന് പുറമെ സ്‌കഡ് ഇനത്തില്‍ പെട്ട നിരവധി മിസൈലുകള്‍ റിയാദ് ലക്ഷ്യമാക്കി തങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും യമന്‍ വിമത സൈന്യം വക്താവ് ശറഫ് ലുഖ്മാന്‍ വ്യക്തമാക്കിയതായി ഇറാന്‍ തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ മിസൈല്‍ ശേഷി വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ തയ്യാറായി കൊണ്ടിരിക്കുകയാണ്. സഊദി തലസ്ഥാനമായ റിയാദ് വരെ ലക്ഷ്യമാക്കാവുന്ന മിസൈലുകള്‍ വരെ ഇപ്പോള്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ട്. ലബനോനിലെ അല്‍ മയദീന്‍ വാര്‍ത്താ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. യമനില്‍ സഊദി ഇടപെടല്‍ കൂടുതല്‍ ഉണ്ടാകുന്ന പക്ഷം കൂടുതല്‍ മിസൈല്‍ ആക്രമണങ്ങള്‍ തങ്ങള്‍ സഊദിക്കെതിരെ നടത്തുമെന്നും ലുഖ്മാന്‍ ഭീഷണി ഉയര്‍ത്തി. ഇത് മേഖലയിലെ നിലവിലെ അവസ്ഥ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം റിയാദ് കിംഗ് സല്‍മാന്‍ എയര്‍ ബേസ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ അയച്ചതായി ഇവര്‍ അവകാശപ്പെട്ടിരുന്നു. വോള്‍ക്കാനോ 2 എന്ന മിസൈല്‍ വിക്ഷേപണ വീഡിയോയും ഇവര്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍, സഊദി അധികൃതര്‍ ഇക്കാര്യത്തെ കുറിച്ച് സൂചനകളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ല. നേരത്തെയും പല തവണ സഊദി നഗരങ്ങള്‍ ലക്ഷ്യമാക്കി യമനിലെ വിമത പക്ഷമായ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ സഊദി വ്യോമ സേന ആകാശത്തു വെച്ചു തന്നെ മിസൈല്‍ വേധ ഉപകരങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."