ജയില്‍വാസം തുടരും; ലീഗല്‍ അഡൈ്വസര്‍ക്ക് ജാമ്യം
വടക്കാഞ്ചേരി (തൃശൂര്‍): പാലക്കാട് ലക്കിടി ജവാഹര്‍ ലോ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് അടക്കമുള്ള നാല് പ്രതികളുടെ ജയില്‍വാസം തുടരും.
അഞ്ച് പ്രതികളില്‍ കോളജ് ലീഗല്‍ അെൈഡ്വസര് സുചിത്രക്ക് മാത്രം വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസ് അടക്കമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റിവച്ചു. വടക്കാഞ്ചേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ശ്രീദേവിയാണ് വിധി പുറപ്പെടുവിച്ചത്. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. കൃഷ്ണദാസ് അടക്കമുള്ളവരുടെ അറസ്റ്റ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പൊലിസിന്റെ നാടകമാണെന്നും പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
നോട്ടിസ് നല്‍കാതെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്നും കെട്ടിച്ചമച്ച കേസാണെന്നും ആരോപിച്ചു. എന്നാല്‍ കോളജിനെതിരേ പരാതി നല്കിയ വിദ്യാര്‍ഥിയെ ഉപദ്രവിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. അറസ്റ്റിന്റെ രണ്ടാം ദിവസം ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് അറിയിച്ചു. വ്യക്തമായ ഉപാധികളോടെയാണ് കേസിലെ മൂന്നാം പ്രതിയായ സുചിത്രക്ക് കോടതി ജാമ്യം നല്‍കിയത്.
കൃഷ്ണദാസിനോടൊപ്പം കോളജിലെ പി.ആര്.ഒ വത്സലകുമാരന്‍, കായിക അധ്യാപകന് ഗോവിന്ദന് കുട്ടി, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ സുകുമാരന്‍ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ഇന്ന് വിധി പറയുക. ഈ കേസില്‍ ഉള്‍പ്പെട്ട ശ്രീനിവാസന്, സഞ്ജിത് വിശ്വനാഥന് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് കൃഷ്ണദാസ് അടക്കമുള്ള അഞ്ച് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."