ധനുഷ് മകനാണെന്ന ദമ്പതികളുടെ വാദം പൊളിയുന്നു
ചെന്നൈ: തമിഴ് സിനിമാതാരം ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുര സ്വദേശികളായ ദമ്പതികള്‍ സമര്‍പ്പിച്ച തെളിവുകള്‍ ശരിയല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.
മധുര മേലൂരിനടുത്ത മാലംപട്ടി ഗ്രാമത്തിലെ ആര്‍. കതിരേശന്‍ (65), മീനാക്ഷി (53) ദമ്പതികളുടെ ഹരജിയിന്മേലാണ് തെളിവുകള്‍ ശരിയല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇവര്‍ അവകാശപ്പെടുന്ന തരത്തിലുള്ള അടയാളങ്ങള്‍ ധനുഷിന്റെ ശരീരത്തിലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ധനുഷ് ശരീരത്തിലെ അടയാളങ്ങള്‍ ലേസര്‍ ചികിത്സ വഴി മായ്ച്ചു കളഞ്ഞെന്ന വാര്‍ത്തയും ശരിയല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ധനുഷിന്റെ കൈമുട്ടില്‍ കറുത്ത അടയാളവും തോളെല്ലില്‍ കാക്കപ്പുള്ളിയും ഉണ്ടെന്നായിരുന്നു ദമ്പതികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ മധുര മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ എം.ആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇത് ശരിയല്ലെന്നും ലേസര്‍ ചികിത്സ നടത്തിയത് കണ്ടെത്താനായില്ലെന്നും പറയുന്നു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.
തങ്ങളുടെ മൂന്നാമത്തെ മകനായ ധനുഷ് കുട്ടിക്കാലത്ത് നാടുവിട്ടു പോയതാണെന്നു പറയുന്ന ദമ്പതികള്‍ തങ്ങളുടെ ജീവിതച്ചെലവിലേക്കായി പ്രതിമാസം 65,000 രൂപ നല്‍കണമെന്ന് അവകാശപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഇവര്‍ ഹാജരാക്കിയ രേഖകളില്‍ താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കൈത്തണ്ടയില്‍ ഒരു കലയുമുണ്ട്.
ഇതിനിടെ ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ ജനന തിയതി ജൂലൈ 28, 1983 ആണ്. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ എന്നാണെന്നാണ് ദമ്പതികള്‍ അവകാശപ്പെട്ടിരുന്നത്.
ധനുഷിന്റെ സ്‌കൂള്‍ കാലഘട്ടങ്ങളിലെ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."