ക്ഷീരമേഖല രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തമാക്കും: മന്ത്രി കെ. രാജു
തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ഷീരമേഖല സ്വയംപര്യാപ്തമാക്കുമെന്ന് ക്ഷീരവികസന-വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു. തോന്നയ്ക്കല്‍ സായി ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്കുള്ള ധനസഹായം, ക്ഷീരകര്‍ഷകര്‍ക്കുള്ള വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നിലവില്‍ ആവശ്യമായതിന്റെ 75 ശതമാനം പാല്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ബാക്കി 25 ശതമാനം പാല്‍ ഉല്‍പ്പാദനം എന്നത് നിസാരമല്ല. സംസ്ഥാന സര്‍ക്കാരും ക്ഷീരവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ക്ഷീരസംഘടനകളും ക്ഷീരകര്‍ഷകരും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇത് 100 ശതമാനം എത്തിക്കാനാവുകയുള്ളൂ- അദ്ദേഹം പറഞ്ഞു. ക്ഷീരമേഖല സജീവമാക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബന്ധമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തതയിലെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മൃഗ-ക്ഷീര വകുപ്പുകള്‍ സംയുക്തമായി കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യുന്ന പദ്ധതി കൊല്ലത്ത് നടന്ന ചടങ്ങില്‍ സംസ്ഥാനതലത്തില്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണിത്. തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി വിപുലീകരിക്കും. സംസ്ഥാനത്ത് മാര്‍ച്ച് 31 നുള്ളില്‍ 40,000 പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യും. യുനൈറ്റഡ് ഇന്‍ഡ്യാ ഇന്‍ഷ്വറന്‍സ് കമ്പനി മുഖേന നടപ്പാക്കുന്ന പദ്ധതി വരും വര്‍ഷങ്ങളില്‍ മുഴുവന്‍ കന്നുകാലികളെയും ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 75 ശതമാനം ഇന്‍ഷ്വറന്‍സ് പ്രീമിയം തുക സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും.
2016-17 സാമ്പത്തികവര്‍ഷത്തില്‍ കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്കുള്ള കടാശ്വാസ പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ജപ്തി നടപടി നേരിടുകയോ ബാങ്കില്‍ നിന്നെടുത്ത കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുകയോ ചെയ്യുന്ന കര്‍ഷകര്‍ക്ക് 20,000 രൂപ മുതല്‍ പരമാവധി ഒരുലക്ഷം രൂപ വരെ കടാശ്വാസം നല്‍കുന്ന പദ്ധതിയാണിത്. നിലവില്‍ 2500 ഓളം ക്ഷീരകര്‍ഷകര്‍ക്ക് ഇത് ആശ്വാസമാകും. വരള്‍ച്ച കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്റെ ഭാഗമായി സര്‍ക്കാരും ദുരന്ത നിവാരണകമ്മിറ്റിയും ചേര്‍ന്ന് ക്ഷീരകര്‍ഷകന് ദുരിതാശ്വാസ ധനസഷായം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രഫണ്ടാണ് ഇതിന് ലഭ്യമാകുന്നത്. വരള്‍ച്ച മുന്നില്‍ക്കണ്ട് വളര്‍ച്ചയെത്തിയ കന്നുകാലികള്‍ക്ക് പ്രതിദിന ഭക്ഷണത്തായി 75 രൂപയും കന്നുക്കുട്ടികള്‍ക്ക് 35 രൂപയും അനുവദിച്ചു കഴിഞ്ഞു. ഇതിനാവശ്യമായ നിര്‍ദ്ദേശം കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ക്ഷീരസംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ തീറ്റപ്പുല്ല് എത്തിക്കാന്‍ 30 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. പട്ടികജാതി വകുപ്പില്‍ നിന്നും ക്ഷീരവികസന വകുപ്പുവഴി ബന്ധപ്പെട്ടവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിനായി ഒരുകോടി 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ മേഖലയിലെ ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ ഇത് ലഭ്യമാകും. 75 ഗുണഭോക്താക്കള്‍ക്ക് ഒരു പശു വീതവും 40 ഗുണഭോക്താക്കള്‍ക്ക് രണ്ട് പശുവീതവും പദ്ധതി പ്രകാരം ഇപ്പോള്‍ നല്‍കും. 40 പേര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മിക്കാനുള്ള ധനസഹായവും നല്‍കും.
പാല്‍ വില വര്‍ധനയ്ക്ക് മില്‍മയ്ക്ക് അനുമതി നല്‍കിയത് വര്‍ധനയുടെ പൂര്‍ണഗുണം കര്‍ഷകര്‍ക്ക് ലഭിക്കണമെന്ന നിബന്ധനയോടെയായിരുന്നു. ഇത് പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ക്ഷീരമേഖലയില്‍ പുതുതലമുറയെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനൊപ്പം ഫാം തുടങ്ങാന്‍ തയാറായി വരുന്ന യുവാക്കള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ സഹായവും നല്‍കും. ക്ഷീരമേഖലയുടെ വളര്‍ച്ചയ്ക്ക് സാധ്യമായതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷനായിരുന്നു. മൃഗ-ക്ഷീര വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍, ക്ഷീരവകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ്, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ എന്‍.എന്‍. ശശി, വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാപഞ്ചായത്തംഗങ്ങള്‍, ക്ഷീരസംഘം ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."