പ്ലാസ്റ്റിക് നിരോധനം: പരിശോധന ഊര്‍ജിതമാക്കി തൃക്കാക്കര നഗരസഭ
കാക്കനാട്: തൃക്കാക്കര നഗരസഭാ പ്രദേശത്തു ഗുണനിലവാരം കുറഞ്ഞതും അമ്പത് മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുക്കല്‍ ഊര്‍ജിതമാക്കി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷബ്ന മെഹറലിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃത പ്ലാസ്റ്റിക് കവറുകള്‍ പിടികൂടി.
വാഴക്കാല, ചെമ്പ്മുക്ക് എന്നിവിടങ്ങളിലെ കടകളിലാണ് സംഘം പ്രധാനമായും പരിശോധിച്ചത്. റോഡരികില്‍ മാങ്ങ, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങള്‍ കച്ചവടം നടത്തുന്നവര്‍, വാഹനം നിരത്തിലിട്ട് കച്ചവടം നടത്തുന്നവര്‍ എന്നിവരില്‍ നിന്നാണ് ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ കൂടുതലും കണ്ടെത്തിയതെന്ന് പരിശോധന സംഘം പറഞ്ഞു. 500 ഓളം കവറുകളാണ് പിടിച്ചെടുത്തത്. കച്ചവടക്കാരെ താക്കീതു നല്കി വിട്ടയച്ചു.
കഴിഞ്ഞ ആഴ്ച കാക്കനാട് ജങ്ഷനിലെ കടകളിലും മീന്‍കച്ചവട സ്ഥാപനങ്ങളിലും നഗരസഭ മിന്നല്‍ പരിശോധന നടത്തിയിരുന്നു. 50 മൈക്രോണില്‍ താഴെയുള്ള 2500 ഓളം പ്ലാസ്റ്റിക് കവറുകളാണു അന്ന് സംഘം പിടിച്ചെടുത്തത്. പരിശോധന ഇനിയും തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
നിലവിലെ 50 മൈക്രോണ്വരെയുള്ള പ്ലാസ്റ്റ്ക് നഗരസഭ പ്രദേശത്തു ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 50 മൈക്രോണിനു മുകളിലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കണമെങ്കില്‍ അത് ഉപയോഗിക്കുന്ന വ്യാപാരികള്‍ എല്ലാ മാസവും 4000 രൂപ നഗരസഭയില്‍ അടച്ച് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു അധികൃതര്‍ പറഞ്ഞു. ഇതു കേന്ദ്ര സര്‍ക്കാര്‍ നിയമമാണ്. അടുത്ത ഘട്ട പരിശോധനയില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതു കണ്ടെത്തിയാല്‍ 5000 മുതല്‍ പതിനായിരം രൂപവരെ പിഴ ഈടാക്കാനാണ് തീരുമാനം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദിലീപ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, കൗണ്‍സിലര്‍മാരായ പി.എം. സലീം, പി.എം. യൂസഫ്, ഇ.എ. മജീദ്, ലിജി സുരേഷ്, റുക്കിയ മുഹമ്മദാലി, പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.നഗരസഭ പ്രദേശം പ്ലാസ്റ്റിക് വിമുക്തമാക്കുയെന്ന ലക്ഷ്യത്തോടെ മാര്‍ച്ച് ഒന്ന് മുതലാണ് നഗരസഭ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."