സ്പെയര്‍ പാര്‍ട്സ് ഇല്ല കെ.എസ്.ആര്.ടി.സി ബസുകള്‍ കട്ടപ്പുറത്തേക്ക്
തൊടുപുഴ: സ്പെയര്‍ പാര്‍ട്സ് ഇല്ലാതായതോടെ ജില്ലയിലെ കെ.എസ്.ആര്.ടി.സി ബസുകള്‍ കട്ടപ്പുറത്തേക്ക്. ടയര്‍, ഓയില്‍, ഗ്രീസ്, ലൈനര്‍ അടക്കമുള്ള എല്ലാ സ്പെയര്‍ പാര്‍ട്സുകള്‍ക്കും ജില്ലയില്‍ ക്ഷാമമാണ്. ഗ്രീസ് ഇല്ലാത്തതിനാല്‍ പല വാഹനങ്ങളിലും നാളുകളായി ഗ്രീസ് ചെയ്യുന്നതിനു സാധിക്കുന്നില്ല. ഇതോടെ പല ഉപകരണങ്ങളുടെയും തേയ്മാനം കൂടിയിട്ടുണ്ട്. ബ്രേക്ക് ലൈനര്‍ ഇല്ലാത്തതും സര്‍വിസ് നടത്തുന്നതിനു പ്രതിസന്ധിയായിട്ടുണ്ട്.
ജില്ലയിലെ എല്ലാ ഡിപ്പോകളും ബ്രേക്കില്ലാത്ത വണ്ടികള്കൊണ്ടു നിറയുകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്താകുമെന്നു സൂചനയുണ്ട്. പുതുതായി നിരത്തിലിറങ്ങിയ ബസുകളുടെ മുന്‍വശത്തെ ലൈനറുകളും പഴയ വണ്ടികളുടെ പിന്‍ഭാഗത്തെ ലൈനറുകളും ഇപ്പോള്‍ ലഭ്യമല്ല. സമീപ ഡിപ്പോകളിലെ ലൈനറുകള്‍ വാങ്ങിയാണു ബസുകള്‍ നിരത്തിലിറങ്ങിയിരുന്നത്. എന്നാല്‍, എല്ലാ ഡിപ്പോകളിലും ലൈനറുകള്‍ ഇല്ലാതായതോടെ കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്താകും. ഹൈറേഞ്ച് സര്‍വിസ് നടത്തുന്ന ബസുകള്‍ക്ക് 25 - 30 ദിവസം കൂടുമ്പോള്‍ ലൈനറുകള്‍ മാറ്റണം. പല ബസുകളുടെയും ലൈനറുകള്‍ പകുതിയിലേറെ തേഞ്ഞു തീര്‍ന്ന നിലയിലാണ്. ഹൈറേഞ്ച് സര്‍വിസ് നടത്തുന്ന ബസുകള്‍ പലതും ഇപ്പോള്‍ ബ്രേക്കിട്ടാല്‍ നില്‍ക്കാത്ത സ്ഥിതിയിലായി. ഇതോടെ വാഹനത്തില്‍ ജോലിചെയ്യുന്നതിനു ജീവനക്കാര്‍ മടിക്കുകയാണ്.
തൊടുപുഴയില്‍ ബ്രേക്കിട്ടാല്‍ കട്ടപ്പനയിലേ ബസ് നില്‍ക്കുകയുള്ളു എന്ന നിലയിലേക്കു കാര്യങ്ങള്‍ നീങ്ങുകയാണ്. ഈ ആഴ്ചതന്നെ ആവശ്യത്തിനു ലൈനറുകള്‍ ജില്ലയില്‍ എത്തിയില്ലെങ്കില്‍ പകുതിയോളം സര്‍വിസുകള്‍ നിലയ്ക്കുമെന്നു ജീവനക്കാര്‍ പറയുന്നു. ഡിപ്പോകളിലെത്തിയാല്‍ ആവശ്യത്തിനു ഡീസല്‍ ലഭിക്കാറില്ല. ദീര്‍ഘദൂര ബസുകള്‍ പല ഡിപ്പോകളില്‍നിന്നു ലഭിക്കുന്ന ഡീസലിനെ ആശ്രയിച്ചാണു സര്‍വിസ് നടത്തുന്നത്. മറ്റ് അവശ്യ സ്പെയര്‍ പാര്‍ട്സുകള്‍ക്കും ജില്ലയില്‍ ക്ഷാമമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."