മദ്രസ അധ്യാപകന്റെ കൊലപാതകം വിറങ്ങലിച്ച് കാസര്‍കോട്
കാസര്‍കോട്: യാതൊരു പ്രകോപനവുമില്ലാതിരിക്കേ നടന്ന അരുംകൊലയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കാസര്‍കോട്. മദ്റസ അധ്യാപകന്റെ കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇന്നലെ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ നടന്ന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു.
രാവിലെ തുറന്ന് പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ഓഫിസുകള്‍ ഉച്ചയോടെ പൂട്ടി. ഹയര്‍ സെക്കന്‍ഡറി ഐ.ടി പരീക്ഷകള്‍ മുടക്കമില്ലാതെ നടന്നു. സംഘര്‍ഷം പടരാതിരിക്കാന്‍ കാസര്‍കോട് നഗരവും പരിസരപ്രദേശങ്ങളും പൊലിസ് വലയത്തിലാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു മറ്റു ജില്ലകളില്‍ നിന്നു കൂടുതല്‍ പൊലിസിനെ കാസര്‍കോട് എത്തിച്ചു.
നഗരത്തില്‍ പലയിടത്തായി കൂട്ടംകൂടി നില്‍ക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തവര്‍ക്കു നേരെ പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു.
പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ പൊലിസിനും അടച്ചിട്ട കടകള്‍ക്കും നേരെ കല്ലേറുണ്ടായി. കാസര്‍കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ തോതിലുള്ള അക്രമവും ഉണ്ടായി. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു.
തിങ്കളാഴ്ച അര്‍ധരാത്രിയാണ് മദ്റസ അധ്യാപകനായ റിയാസിനെ(30) പള്ളിയില്‍ കയറി ഒരു സംഘം കഴുത്തറുത്തു കൊന്നത്. കാസര്‍കോട് നഗരത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പഴയ ചൂരിയിലെ ഇസത്തുല്‍ ഇസ്ലാം മദ്റസയില്‍ അധ്യാപകനാണ് റിയാസ്. ബൈക്കിലെത്തിയ സംഘമാണു കൊലപ്പെടുത്തിയതെന്നു സൂചനകളുണ്ടെങ്കിലും കൊലപാതകത്തിന്റെ കാരണവും പ്രതികളെ സംബന്ധിച്ചും വ്യക്തമായ സൂചനകള്‍ പൊലിസിനു ലഭിച്ചില്ല. അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു.
ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്, ഐ.ജി മഹിപാല്‍ എന്നിവര്‍ കാസര്‍കോട്ടെത്തി ക്യാംപ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്‍, സി.ഐ അബ്ദുര്‍ റഹിം, എസ്.ഐ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞാണു അന്വേഷണം. രണ്ടില്‍ കൂടുതല്‍ പേര് കൊലയാളി സംഘത്തില്‍ ഉണ്ടെന്നാണ് പൊലിസ് കരുതുന്നത്. സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."