ലോകത്തെ വലിയ നോമ്പ് തുറയുടെ പുണ്യം നുകര്‍ന്ന് വിശ്വാസി ലക്ഷങ്ങള്‍
മക്ക: ലോകത്തെ വലിയ ഇഫ്താര്‍ സംഗമത്തിന്റെ പുണ്യം നുകരാന്‍ മക്കയിലും മദീനയിലും ദിനംപ്രതി എത്തുന്നത് ലക്ഷക്കണക്കിന് വിശ്വാസികള്‍. ലോകത്തെ വലിയ ഇഫ്താര്‍ സംഗമം കൂടിയായ ഇവിടെ സഊദി ഗവണ്മെന്റിന്റെ മേല്‍നോട്ടത്തില്‍ വിവിധ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് വിശ്വാസി ലക്ഷങ്ങള്‍ നോമ്പ് തുറക്കായി അണിനിരക്കുന്നത്.
ഇരു ഹറമുകളിലുമെത്തുന്ന വിശ്വാസികള്‍ നോമ്പ് തുറ കഴിഞ്ഞു തറാവീഹും വിത്ര്‍ നിസ്‌കാരവും കഴിഞ്ഞാണ് മടങ്ങുക. റമദാന്‍ ആരംഭം മുതല്‍ അവസാനം വരെയായി ദശലക്ഷക്കണക്കിനു വിശ്വാസികളാണ് ഇവിടെ നോമ്പ് തുറക്കുക. അസര്‍ നിസ്‌കാരത്തോടെ ആരംഭിക്കുന്ന നോമ്പ് തുറ ഒരുക്കങ്ങള്‍ മഗ്‌രിബ് നിസ്‌കാരം ആരംഭിക്കുന്നതോടെ ഇങ്ങനെയൊരു ചടങ്ങ് ഇവിടെ നടന്നിരുന്നുവെന്നു തോന്നുക പോലും ചെയ്യാത്ത രൂപത്തിലാക്കി മാറിയിട്ടുണ്ടാകും. അത്രക്കും കണിശമായാണ് കാര്യങ്ങള്‍.
പള്ളിയുടെ മുറ്റങ്ങളില്‍ മുഴുവനും സുപ്രകള്‍ വിശാലമായി വിരിച്ചാണ് വിഭവങ്ങള്‍ നിരത്തുന്നത്. അറബി തീന്‍മേശയിലെ പ്രധാന വിഭവമായ ഈത്തപ്പഴവും ഖഹ്‌വയും വിവിധ തരത്തിലുള്ള ഖുബ്ബൂസുമാണ് പ്രധാന താരം. കൂട്ടത്തില്‍ സംസം വെള്ളം, കുപ്പി വെള്ളം, വിവിധ തരം ജ്യുസുകള്‍, സാന്‍ഡ്വിച്ച്, കബ്‌സ, വിവിധ തരത്തിലുള്ള പഴ വര്‍ഗങ്ങള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. വിവിധ ഭാഗങ്ങളില്‍ പ്രത്യേകം കമ്പനികളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളും നേരത്തെ രജിസ്റ്റര്‍ ചെയ്ത വ്യക്തികളും വിവിധ തരം സാധങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
ആയിരങ്ങളാണ് ലക്ഷത്തിലേറെ വരുന്ന വിശ്വാസികളുടെ സേവനത്തിനുള്ളത്. സുരക്ഷാ കാരണങ്ങളാല്‍ ആരോഗ്യവകുപ്പിന്റെ നിരന്തര പരിശോധനക്ക് വിധേയമാണ് വിഭവങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."