ഭക്ഷ്യ വസ്തുക്കളുടെ പരിശോധനാ കേന്ദ്രം കണ്ണൂരില്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും
കൊച്ചി: ഭക്ഷ്യ വസ്തുക്കളുടെ അതിവേഗ പരിശോധന സാധ്യമാക്കുന്നതിനായുള്ള അത്യാധുനിക പരിശോധനാ കേന്ദ്രം കണ്ണൂരില്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പച്ചക്കറികളിലെയും മറ്റും വിഷ സാന്നിധ്യം തിരിച്ചറിയാനുള്ള കാലതാമസം ഒഴിവാക്കി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനതല ഭക്ഷ്യ സുരക്ഷാ വാരാചരണം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ ഭക്ഷ്യ വില്‍പന കേന്ദ്രങ്ങളുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം സംസ്ഥാനം സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ സംസ്ഥാനമാകും.
നൂറു ശതമാനം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ കൊല്ലം രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ കൈവരിച്ച ജില്ലയായി മാറിയെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ മേഖലയിലെ ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ 95 പുതിയ നിയമനങ്ങള്‍ നടത്തി.
ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നിടത്ത് ഉടന്‍ നടപടി സ്വീകരിക്കുന്നതിനായി ദ്രുതകര്‍മ സേന രൂപീകരിച്ചതിന് പുറമേ സഞ്ചരിക്കുന്ന പരിശോധനാ കേന്ദ്രങ്ങളും സജ്ജമാക്കും. സഞ്ചരിക്കുന്ന മൂന്ന് ഭക്ഷ്യ സുരക്ഷാ ലാബുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി മുഴുവന്‍ ഇടനിലക്കാരുടെയും രജിസ്‌ട്രേഷന്‍ നടത്തും. ഈ വര്‍ഷം 100 പഞ്ചായത്തുകളെ ഭക്ഷ്യ സുരക്ഷാ പഞ്ചായത്തുകളായി തിരഞ്ഞെടുക്കും. സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍, പരിശീലന പരിപാടികള്‍, സെമിനാറുകള്‍ എന്നിവ ജില്ലാ, സര്‍ക്കിള്‍ തലങ്ങളില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."