വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറികള്‍ നൈപുണ്യ യോഗ്യതാ ചട്ടക്കൂടിലാക്കും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ നൈപുണ്യയോഗ്യതാ ചട്ടക്കൂടില്‍ (എന്‍.എസ്.ക്യു.എഫ്) ഈ വര്‍ഷം സംസ്ഥാനത്തെ 66 സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെ (വി.എച്ച്.എസ്.ഇ) ഉള്‍പ്പെടുത്തും. ഒന്‍പതാം ക്ലാസു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളെ ദേശീയ തലത്തില്‍ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം നടപ്പാക്കിയ എന്‍.എസ്.ക്യു.എഫില്‍ സംസ്ഥാനത്തെ സ്‌കൂളുകളെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് കേന്ദ്രം നല്‍കുന്ന ഫണ്ട് ലഭിക്കാതാകുമെന്നതാണ് പദ്ധതി തിടുക്കത്തില്‍ നടപ്പാക്കുന്നതിലേക്ക് എത്തിച്ചത്.
വി.എച്ച്.എസ്.ഇക്കും ഹയര്‍ സെക്കന്‍ഡറിക്കും കേന്ദ്ര അംഗീകാരം അവസാനിക്കുന്ന 2022ഓടെ സമ്പൂര്‍ണമായി എന്‍.എസ്.ക്യു.എഫ് സംസ്ഥാനത്തിന് നടപ്പിലാക്കേണ്ടതുമുണ്ട്.
രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. എന്നാല്‍, ഇപ്പോള്‍ നടത്തുന്ന വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്കൊപ്പം തൊഴിലധിഷ്ഠിതമായ എന്‍.എസ്.ക്യു.എഫും നടപ്പാക്കുന്നത് രണ്ടുതരത്തിലുള്ള വിദ്യാര്‍ഥികളേയും രണ്ടുതരം സര്‍ട്ടിഫിക്കറ്റുകളും സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വരുന്ന ഒഴിവുകളില്‍ പ്ലസ് ടു വരെ യോഗ്യതയുള്ള തസ്തികകള്‍ക്ക് അപേക്ഷിക്കാന്‍ എന്‍.എസ്.ക്യു.എഫ് യോഗ്യത നിര്‍ബന്ധമാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ എന്‍.എസ്.ക്യു.എഫ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."