കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി
പേരാവൂര്‍: കൊട്ടിയൂരില്‍ വൈദികന് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി. കേസിലെ മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രി അഡ്മിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, പീഡനത്തിനിരയായ കുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ.ടെസി ജോസ്, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരാലി എന്നിവരാണ് കീഴടങ്ങിയത്.
കണ്ണൂര്‍ പേരാവൂര്‍ പൊലിസ് സ്റ്റേഷനിലെത്തി സി.ഐ സുനില്‍കുമാറിന്റെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. പോക്സോ കോടതി ഇവരോട് അഞ്ചു ദിവസത്തിനുള്ളില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇവരെ ഇന്നു തന്നെ ജാമ്യത്തില്‍ വിട്ടേക്കും.
നേരത്തെ, കേസിലെ മറ്റു പ്രതികളായ ഫാദര്‍ തോമസ് തേരകം,സിസ്റ്റര്‍ ഒഫീലിയ,സിസ്റ്റര്‍ ബെറ്റി,തങ്കമ്മ നെല്ലിയാനി എന്നിവരും കീഴടങ്ങിയിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രതികള്‍ക്ക് അന്നു തന്നെ ജാമ്യം ലഭിച്ചിരുന്നു. പോക്സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."