പരിസ്ഥിതി സൗഹൃദത്തിനു പദ്ധതികളുമായി മട്ടന്നൂര്‍ നഗരസഭ കല്ല്യാണങ്ങള്‍ ഇനി പ്ലാസ്റ്റിക് രഹിതമാവും
മട്ടന്നൂര്‍: പരിസ്ഥിതി സൗഹൃദത്തിനു വൈവിധ്യമാര്‍ന്ന പദ്ധതികളുമായി മട്ടന്നൂര്‍ നഗരസഭ. നഗരസഭയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ കാരിബാഗ് നല്‍കിയും സ്റ്റീല്‍ പാത്രങ്ങള്‍ നല്‍കിയുമാണ് മട്ടന്നൂര്‍ നഗരസഭ ശ്രദ്ധേയമാകുന്നത്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഫാത്തിമ ഗോള്‍ഡുമായി സഹകരിച്ച് കഴിഞ്ഞ മാസമാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് രഹിത നഗരസഭക്ക് മട്ടന്നൂരില്‍ തുടക്കം കുറിച്ചത്. നഗരസഭാ പരിധിയില്‍ നടക്കുന്ന വിവാഹങ്ങളും ഇനി മുതല്‍ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് രഹിതമായിരിക്കും.
ഇതിന്റെ ഭാഗമായി നടന്ന സ്വര്‍ണാഭരണങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു.
ഫാത്തിമ ഗ്രൂപ്പ് എം.ഡി റാഫി എളമ്പാറ നേതൃത്വം വഹിച്ചു. ഇതിനു പിന്നാലെയാണ് നാളെ മുഖ്യമന്ത്രി പിണറായി വിജയന് സംബന്ധിക്കുന്ന നഗരസഭ കോംപ്ലക്സ് ഉദ്ഘാടനച്ചടങ്ങില്‍ നഗരസഭയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ കാരിബാഗ് നല്‍കുന്നത്. പൗച്ച് കം ബിഗ് ഷോപ്പര്‍ എന്ന വ്യത്യസ്തമായ ക്യാരി ബാഗ് കോഴിക്കോട്ടെ നാസ് എനര്‍ജി കമ്പനിയാണ് വിതരണം ചെയ്യുന്നത്. സാധാരണയായ പൗച്ചായും കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ കാരിബാഗായും ഇത് ഉപയോഗിക്കാം.
10000 കാരി ബാഗുകള്‍ ഇതിനകം നഗരസഭയിലെത്തി. കല്യാണങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും ഉപയോഗിക്കാനായി അയ്യായിരത്തോളം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ് പോലുള്ളവയും എത്തിച്ചു. ഡിസ്പോസിബിള്‍ പാത്രങ്ങളുടെ ഉപയോഗം ഇതുമൂലം ഒഴിവാക്കാന്‍ കഴിയുമെന്നാണ് നഗരസഭാ അധികൃതരുടെ പ്രതീക്ഷ. പ്ലാസ്റ്റിക് രഹിത പരിപാടിക്കു ഇതിനകംതന്നെ അംഗീകാരം കിട്ടിയ ജില്ലയിലെ ഏക നഗരസഭയാണ് മട്ടന്നൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."