നോമ്പ് തുറയ്ക്ക് രുചിയൂറും വിഭവങ്ങളുമായി പലഹാര വിപണി
ചവറ: റമദാന്‍ നോമ്പ് തുറയ്ക്ക് വൈവിധ്യമാര്‍ന്ന രുചിയൂറും വിഭവങ്ങളുമായി പലഹാര വിപണി സജീവമാകുന്നു. നോമ്പ് തുറസമയത്ത് ഭക്ഷണത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവമായി മാറിയിരിക്കുകയാണ് പലഹാരങ്ങള്‍. റമളാന്‍ ആരംഭിക്കുമ്പോള്‍ തന്നെ നാടിന്റെ വിവിധ മുക്കിലും മൂലകളിലുമായി താല്‍ക്കാലികമായി ഉണ്ടാക്കുന്ന പലഹാരക്കടകള്‍ സജീവമാണ്. ഇത്തരം പലഹാരകടകളില്‍ നോമ്പ് തുറയ്ക്ക് ആവിശമായ വിഭവങ്ങള്‍ ഉപഭോക്താക്കളുടെ മുന്നില്‍ വെച്ച് തന്നെ ചൂടൊടെ തയാറാക്കുന്നതാണ് ഇവരുടെ രീതി. വിവിധ തരം സമൂസകള്‍, കട്‌ലറ്റ്, മസാല ബോണ്ട, മോദകം, പഴംപൊരി, മുട്ട ബജി, മുളക് ബജി, വടകള്‍, തുടങ്ങിയ നിരവധി പലഹാരങ്ങള്‍ തയാറാക്കാറുണ്ടെങ്കിലും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയം ചിക്കന്‍, ബീഫ്, വെജിറ്റബിള്‍, മുട്ട തുടങ്ങി വിവിധ തരം സമൂസകളോടാണെന്ന് വില്‍പനക്കാര്‍ പറയുന്നു.
സമൂസ ഭൂരിഭാഗം കച്ചവടക്കാരും ഉണ്ടാക്കുന്നത് വിദേശത്ത് നിന്നും ഇറക്കുമതി ലീഫ് ഉപയോഗിച്ചാണ്. സ്വയം ഉണ്ടാക്കുന്ന ലീഫ് ഉപയോഗിക്കുന്നവരുമുണ്ട്.
അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെയാണ് ഇത്തരം എണ്ണപ്പലഹാരങ്ങള്‍ക്ക് പലഹാര കടകളില്‍ ഈടാക്കാറുള്ളത്. പള്ളികളില്‍ നിന്നും ഇഫ്താര്‍ പാര്‍ട്ടി നടത്തുന്ന സംഘാടകരില്‍ നിന്നും ഇടക്ക് ഓര്‍ഡര്‍ കിട്ടുന്നതിനുസരിച്ചും പലഹാരങ്ങള്‍ ഉണ്ടാക്കി കൊടുക്കാറുണ്ട്.
സ്വന്തം സ്ഥാപനത്തില്‍ വില്‍ക്കുന്നതിന് പുറമേ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള മറ്റ് സ്ഥാപനങ്ങള്‍ക്ക് ഹോള്‍സെയിലായി നല്‍കുന്നവരും കുറവല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."