ആദിവാസികളെ മര്‍ദിച്ച സംഭവം; വയനാട്ടിലെ വ്യാജസിദ്ധനും കൂട്ടാളികളും കോടതിയില്‍ കീഴടങ്ങി
പടിഞ്ഞാറത്തറ: ആദിവാസികളെ മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്ത കേസില്‍ ഒളിവില്‍പോയ പടിഞ്ഞാറത്തറ പാണ്ടങ്കോടിലെ വ്യാജസിദ്ധനെയും കൂട്ടുപ്രതികളെയും മാനന്തവാടി എസ്.എം.എസ് കോടതി റിമാന്‍ഡ് ചെയ്തു.
പടിഞ്ഞാറത്തറ പാണ്ടങ്കോട് ആലഞ്ചേരി കളത്തില്‍ വീട്ടില്‍ അന്‍വര്‍സാദത്ത്(40), പാണ്ടംകോട് തൈക്കണ്ടി വീട്ടില്‍ റസാഖ്(57), പുതുശ്ശേരിക്കടവ് വെങ്കണക്കണ്ടി ഷിഹാബ്(28), മുണ്ടക്കുറ്റി നെല്ലുശേരി മുനീര്‍(32), കോഴിക്കോട് കായണ്ണ ചന്ദങ്ങാട് ജിജിലേഷ്(32) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ജനുവരി 29ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പാണ്ടങ്കോട് നീരങ്ങാടന്‍ ഷംസുദ്ദീന്റെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പുഞ്ചവയല്‍ കോളനിയിലെ ചന്ദ്രന്‍, സഹോദരന്‍ മഹേഷ്, കോളനിയിലെ ബിനു എന്നിവരെയാണ് വ്യാജസിദ്ധനും സംഘവും മര്‍ദിച്ചത്. ഓട്ടോ ഡ്രൈവര്‍ ഷംസുദ്ദീനും മര്‍ദനമേറ്റിരുന്നു. 29ന് രാവിലെ ഷംസുദ്ദീനും അന്‍വര്‍സാദത്തും വാഹനാപകടവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാത്രി എട്ടോടെ അന്‍വര്‍സാദത്തും സംഘവും ഷംസുദ്ദീനെയും ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ആദിവാസികളെയും മര്‍ദിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് അന്‍വര്‍സാദത്തും സംഘവും ഒളിവില്‍ പോയി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. വിചാരണ കോടതിയില്‍ ഹാജരാകാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. തുടര്‍ന്നാണ് ഇന്നലെ ഇവര്‍ മാനന്തവാടി കോടതിയില്‍ ഹാജരായത്. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മാനന്തവാടി ജയിലിലേക്കയച്ചു. അന്‍വര്‍സാദത്തിനേയും സംഘത്തേയും പൊലിസ് ഉദ്യോഗസ്ഥര്‍ സഹായിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
ആരോപണ വിധേയനായ പൊലിസ് ഉദ്യോഗസ്ഥനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. അന്‍വര്‍സാദത്തും സംഘവും പ്രദേശത്ത് വ്യാജചികിത്സയും ദുര്‍മന്ത്രവാദവും നടത്തിവരികയായിരുന്നു. നാട്ടിലെ മത സൗഹാര്‍ദവും ജനങ്ങളുടെ സൈ്വര്യജീവിതവും തകരുന്നതിലേക്കും കാര്യങ്ങളെത്തി. ഇതിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിലായിരുന്നു. സര്‍വകക്ഷി നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിക്കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."