വികല്‍പ് പദ്ധതിയുമായി റെയില്‍വേ; ഒഴിഞ്ഞ കമ്പാര്‍ട്ടുമെന്റുകളുമായി ട്രെയിന്‍ ഓടുന്നത് പഴങ്കഥ
ന്യൂഡല്‍ഹി: മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇനി പ്രീമിയം ട്രെയിനുകളിലും യാത്ര ചെയ്യാവുന്ന തരത്തില്‍ പുതിയ പദ്ധതിയുമായി റെയില്‍വെ. വികല്‍പ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ പ്രീമിയം ട്രെയിനുകളിലൂടെ യാത്രചെയ്യാന്‍ സൗകര്യം വരുന്നതോടെ ഇത്തരം ട്രെയിനുകള്‍ ആളില്ലാതെ ഓടുന്നുവെന്ന പരാതിക്കും പരിഹാരമാകും. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നിലവില്‍ വരും.
വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് അവര്‍ പോകേണ്ട സ്ഥലത്തേക്ക് രാജധാനി, ജന ശതാബ്ദി ട്രെയിനുകള്‍ ഉണ്ടെങ്കില്‍ മെയില്‍ അല്ലെങ്കില്‍ എക്‌സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്രചെയ്യാന്‍ കഴിയും. പ്രധാനപ്പെട്ട റൂട്ടുകളിലേക്ക് അനുവദിക്കുന്ന സ്‌പെഷ്യല്‍ ട്രെയിനുകളിലും ഈ സൗകര്യം ലഭ്യമായിരിക്കും. ഇത്തരത്തില്‍ അവര്‍ യാത്രചെയ്യുന്ന ദൂരം വരെയായിരിക്കും ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ ഉണ്ടാവുക. പ്രീമിയം ട്രെയിനുകള്‍ ആളില്ലാതെ സര്‍വിസ് നടത്തുന്നത് വ്യാപകമായ പരാതിക്ക് ഇടയാക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് റെയില്‍വേയുടെ ഈ പുതിയ പദ്ധതി.
വികല്‍പ്പ് ആറിടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയപ്പോള്‍ വന്‍ വിജയമാണെന്ന് കണ്ടെത്തിയതോടെയാണ് ഇത് രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചത്.
ഇത്തരത്തില്‍ പ്രീമിയം ട്രെയിനുകളില്‍ യാത്രചെയ്യുന്നതിനുളള അധിക ചെലവ് യാത്രക്കാര്‍ വഹിക്കേണ്ടി വരില്ല. നിലവില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് വികല്‍പ്പ് ലഭ്യമാകുക. റെയില്‍വേ സ്റ്റേഷനുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടുകൂടി ടിക്കറ്റ് കൗണ്ടറുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഭാവിയില്‍ വികല്‍പ്പ് സംവിധാനം പ്രയോജനപ്പെടും.
വികല്‍പ്പ് നടപ്പാകുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് വെയ്റ്റിങ് ലിസ്റ്റിലാണങ്കില്‍ അതേ റൂട്ടിലേക്ക് തൊട്ടടുത്ത സമയത്ത് എത്തുന്ന മറ്റൊരു ട്രെയിനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി ബുക്കിങ് സമയത്ത് കാണിക്കുന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി. ഇത് ആവശ്യമില്ലാത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കാം. എന്നാല്‍ ഉറപ്പായ ടിക്കറ്റ് റദ്ദാക്കിയാല്‍ അതിന് ചാര്‍ജ് നല്‍കേണ്ടി വരും. തിരക്കുള്ള സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്ന ഫ്‌ളെക്‌സി ഫെയര്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം പ്രീമിയം ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രീമിയം ട്രെയിനുകളായ രാജധാനി, തുരന്തോ, ശതാബ്ദി, സുവിധോ ട്രെയിനുകള്‍ ആളൊഴിഞ്ഞ സീറ്റുമായാണ് സര്‍വിസ് നടത്തുന്നത്.
ഇതേ തുടര്‍ന്നാണ് മറ്റു ട്രെയിനുകളിലെ വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് പ്രീമിയം ട്രെയിനില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."