ശോഭന ജോര്‍ജിനെതിരായ പരാമര്‍ശം: ഹസനെതിരേ വനിതാ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: മുന്‍ എം.എല്‍.എ ശോഭന ജോര്‍ജിനെക്കുറിച്ച് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെതിരേ സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തു. ശോഭനയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി ജോസഫൈന്‍ അറിയിച്ചു.
കേസ് സംബന്ധിച്ച നിയമോപദേശത്തിനായി കമ്മിഷന്റെ ലോ ഓഫിസറെ ചുമതലപ്പെടുത്തിയതായും അവര്‍ പറഞ്ഞു. 1991ല്‍ ചെങ്ങന്നൂരില്‍ ശോഭനയെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഹസന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ നടത്തിയ വിവാദ പരാമശത്തിന്റെ പേരിലാണ് പരാതി.
ഇപ്പോള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ ഡി. വിജയകുമാറിനെയാണ് അന്ന് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നതെന്ന് ഹസന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിജയകുമാറിനെ കുറുക്കുവഴിയിലൂടെ പരാജയപ്പെടുത്തിയാണ് ശോഭന സ്ഥാനാര്‍ഥിയായത്. അതിന്റെ പിന്നാമ്പുറ കഥ കാമറക്കു മുന്നില്‍ പറയാനാവില്ലെന്നും ഹസന്‍ പറയുകയുണ്ടായി. ഇതു തനിക്ക് അപകീര്‍ത്തികരവും തെറ്റിദ്ധാരണാജനകവുമാണെന്ന് കാണിച്ചാണ് ശോഭന പരാതി നല്‍കിയത്.
അതേസമയം, മഹിളാ കോണ്‍ഗ്രസിലും ഹസന്റെ പരാമര്‍ശം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മുതിര്‍ന്ന ചില വനിതാ നേതാക്കള്‍ പ്രതിഷേധം മറ്റു നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഹസന്റെ പരാമര്‍ശം കേരളത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെല്ലാം അപകീര്‍ത്തികരമാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഒരു വിഭാഗം വനിതാ നേതാക്കള്‍ നീക്കമാരംഭിച്ചതായി അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."