വൈറസ് രോഗ ഭീഷണി ഉയരുമ്പോഴും വൈറോളജി ലാബുകള്‍ ഇല്ല
തിരുവനന്തപുരം: നിപാ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ വൈറസ് ബാധയെന്ന് സ്ഥിരീകരിക്കുന്നതിന് പരിശോധന നടത്താന്‍ വേണ്ട വൈറോളജി ലാബുകള്‍ കേരളത്തിലില്ല. മണിപ്പാലിലെയും, പൂനെയിലെയും ലാബുകളെയാണ് കേരളം ഇപ്പോള്‍ ആശ്രയിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളജുകളിലും പൂര്‍ണ സജ്ജീകരണത്തോടെ വൈറോളജി ലാബുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ഇട്ടിരുന്നുവെങ്കിലും അതെല്ലാം കടലാസിലൊതുങ്ങി. ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും സര്‍ക്കാര്‍ ആശുപത്രികളെ ജനകീയമാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടും സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് തന്നെ ഭീഷണിയാകുന്ന വൈറസുകളെ കണ്ടു പിടിക്കാനുള്ള ലാബുകള്‍ സ്ഥാപിക്കുന്നതില്‍ മാത്രം സര്‍ക്കാരിന് അനാസ്ഥയാണ്. ബയോടെക്നോളജി വകുപ്പുമായി ചേര്‍ന്ന് മെഡിക്കല്‍ കോളജുകളില്‍ ലാബുകള്‍ ഉണ്ടെങ്കിലും വലിയ പരിശോധനകള്‍ക്കും ഗവേഷണങ്ങള്‍ക്കും സൗകര്യങ്ങളില്ല. കൂടാതെ പൂനെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റീജ്യനല്‍ കേന്ദ്രം ആലപ്പുഴയില്‍ തുടങ്ങിയെങ്കിലും അവിടെയും വൈറസ് പരിശോധനയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ല.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് തുടങ്ങാന്‍ രണ്ട് വര്‍ഷം മുന്‍പ് പദ്ധതിയിട്ടിരുന്നു. അതും നടപ്പിലായില്ല.
നാല് വര്‍ഷത്തിലധികമായി എച്ച്.വണ്‍ എന്‍.വണ്‍ ഉള്‍പ്പെടെയുള്ള വൈറസ് ഭീഷണി സംസ്ഥാനത്തുണ്ട്. ഇപ്പോള്‍ നിപ വൈറസും റിപ്പോര്‍ട്ട് ചെയ്തു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിന്റെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. സംസ്ഥാനത്ത് രണ്ട് വൈറോളജി ലാബെങ്കിലും വേണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."