അനാഥ- അഗതി മന്ദിരങ്ങളിലേക്കുള്ള അരി വിതരണം നിലച്ചു
മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാര്‍ അരിവിഹിതം വെട്ടിക്കുറച്ചതോടെ സംസ്ഥാനത്തെ അനാഥ- അഗതി മന്ദിരങ്ങളിലേക്കുള്ള റേഷന്‍ അരിവിതരണം നിലച്ചു. 2017സെപ്റ്റംബര്‍ മുതലാണ് അനാഥ-അഗതി മന്ദിരങ്ങളിലേക്കുള്ള അരിവിഹിതം വെട്ടിക്കുറച്ചത്. ഒരു സാമ്പത്തിക വര്‍ഷം രണ്ട് ഘട്ടങ്ങളിലായിട്ടാണ് കേന്ദ്രം അരി വിതരണം ചെയ്യുന്നത്. അരിവിഹിതം വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മാര്‍ച്ച് മുതലാണ് അരി വിതരണം പൂര്‍ണതോതില്‍ നിലച്ചത്.
എന്നാല്‍ ചില സ്ഥലങ്ങളില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണത്തിന് ശേഷം അധികം വരുന്ന ഭക്ഷ്യധാന്യം ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എറണാകുളം ജില്ലയിലെ 383അനാഥ- അഗതി മന്ദിരങ്ങളാണുള്ളത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൃദ്ധ സദനങ്ങള്‍, കോണ്‍വെന്റുകള്‍, 15വയസിന് താഴെയുള്ള ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍, മാനസിക അസ്വസ്ഥതയുള്ള മുതിര്‍ന്നവര്‍ താമസിക്കുന്ന സ്ഥാപനങ്ങള്‍ അടക്കമുള്ളവയില്‍ റേഷന്‍ വിതരം നിലച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും സമാനമായ അവസ്ഥയാണുള്ളത്.
സംസ്ഥാനത്തെ സ്ഥാപനങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ പെര്‍മിറ്റ് നല്‍കിയിട്ടില്ല. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളിലെത്തി കണക്കെടുപ്പ് നടത്തിയശേഷമാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള പെര്‍മിറ്റ് നല്‍കുന്നത്.
എന്നാല്‍ ഈ വര്‍ഷത്തെ കണക്കെടുപ്പും പെര്‍മിറ്റ് പുതുക്കലും കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടന്നിട്ടില്ല. പല സ്ഥാപനങ്ങളും സുമനസുകളുടെ സഹായത്തോടെയും സഹകരണത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."