അയച്ച ആള്‍ക്കുതന്നെ രജിസ്‌ട്രേഡ് കത്ത് നല്‍കി തപാല്‍ വകുപ്പിന്റെ വികൃതി
കല്‍പ്പറ്റ: കത്തുകള്‍ രജിസ്‌ട്രേഡായി അയക്കുന്നത് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താനാണ്. എന്നാല്‍ അങ്ങനെ അയച്ച കത്ത് അയച്ച ആള്‍ക്കുതന്നെ തിരിച്ചുനല്‍കിയാലോ. ആരും ഞെട്ടിപ്പോകും. ചേളാരി സമസ്താലയത്തിലേക്ക് മകന്റെ ട്രെയിനിംഗുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഡായി അയച്ച കത്താണ് പിറ്റേ ദിവസം അയച്ചയാള്‍ക്ക് തന്നെ എത്തിച്ച് തപാല്‍ വകുപ്പ് ഞെട്ടിച്ചത്.
പഴയ വൈത്തിരി ഖത്തീബായ സൈനുല്‍ ആബിദ് ദാരിമിയാണ് കത്ത് രജിസ്‌ട്രേഡായി അയച്ചത്.
ഇക്കഴിഞ്ഞ 20നാണ് ചുണ്ടേല്‍ പോസ്റ്റ് ഓഫിസിലെത്തി 40 രൂപ ഫീസും നല്‍കി കത്തയച്ചത്.
പിറ്റേന്ന് വൈകിട്ടോടെയാണ് ഫ്രം അഡ്രസില്‍ തന്നെ പോസ്റ്റുമാന്‍ കത്ത് എത്തിച്ച് തപാല്‍ വകുപ്പിന്റെ കാര്യക്ഷമത തെളിയിച്ചത്. ഇന്നലെയായിരുന്നു അപേക്ഷ ലഭിക്കേണ്ട അവസാന തിയതി. ഈ വികൃതി മകന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയതായി സൈനുല്‍ ആബിദ് ദാരിമി പറഞ്ഞു.
ഇന്നലെ പോസ്റ്റ് ഓഫിസിലെത്തി കാര്യം തിരക്കിയപ്പോള്‍ തങ്ങള്‍ കോഴിക്കോട്ടേക്കാണ് അയച്ചതെന്നും നിങ്ങളുടെ കൈയില്‍ കത്ത് എങ്ങനെയെത്തിയെന്ന് ഞങ്ങള്‍ക്കറിയില്ലെന്നും പറഞ്ഞും കൈമലര്‍ത്തി. എന്നാല്‍ ജീവനക്കാര്‍ കത്ത് തിരികെ വാങ്ങി. കത്ത് വീണ്ടും അയക്കുമെന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ 22നായിരുന്നു കത്ത് ലഭിക്കേണ്ട അവസാന തിയതി. ഇനി ആ കത്ത് അവിടെയെത്തിയിട്ട് ആര്‍ക്കെന്തു കാര്യമെന്നൊന്നും അവരോട് ചോദിക്കരുതേ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."