യാത്രക്കാര്‍ക്ക് റെയില്‍വേ നല്‍കുന്ന ഭക്ഷണം പരിശോധിക്കാന്‍ സംവിധാനമില്ല
പാലക്കാട്: യാത്രക്കാര്‍ക്ക് റെയില്‍വേ നല്‍കുന്ന ഭക്ഷണ സാധനങ്ങളുടെ പരിശോധനക്ക് ഒരു സംവിധാനവുമില്ല. സാധാരണനിലയില്‍ റെയില്‍വേ ആരോഗ്യവിഭാഗം പ്രതിമാസ പരിശോധനകളുടെ ഭാഗമായി എടുക്കുന്ന സാമ്പിളുകള്‍ മാത്രമാണ് നടപടി.
ഇത് കോഴിക്കോട്ടെയോ എറണാകുളത്തെയോ ലാബുകളില്‍ പരിശോധനക്ക് അയക്കുന്നതാണ്. നിലവിലെ രീതി ദിവസവും വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ ഏതുതരത്തിലുള്ളതാണെന്ന് കണ്ടെത്താന്‍ ഒരു സംവിധാനവുമില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.
ലഘുഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റാള്‍ കരാറുകാരില്‍നിന്ന് വലിയ തുകയാണ് റെയില്‍വേ ഈടാക്കുന്നത്.
പ്രതിവര്‍ഷം കോടിക്ക് മുകളിലാണ് കരാര്‍ത്തുക. ഇതില്‍നിന്ന് തൊഴിലാളികളുടെ വേതനം, വൈദ്യുതി, വെള്ളം എന്നിവക്കുശേഷമാണ് കരാറുകാരന്റെ ലാഭം. ഇത് പലപ്പോഴും ഉണ്ടാകാറില്ലെന്ന് കരാറുകാരും പറയുന്നു.
ഇത്തരം നഷ്ടക്കണക്കുകളാണ് റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ഭക്ഷണസാധനങ്ങളുടെ ഗുണനിലവാര പരിശോധന കടലാസില്‍ മാത്രമൊതുങ്ങും.
ദീര്‍ഘദൂരയാത്രക്കാര്‍ക്കാണ് പലപ്പോഴും പഴകിയ ഭക്ഷണസാധനങ്ങള്‍ ലഭിക്കുന്നതായി പരാതിയുള്ളത്. സ്റ്റേഷനില്‍ അധികസമയം നില്‍ക്കാത്തതിനാല്‍ അധികൃതര്‍ക്ക് പരാതി നല്‍കാനും ഇവര്‍ക്ക് കഴിയാറില്ല. ഇത്തരം അനുകൂലമായ സാഹചര്യങ്ങളെല്ലാം മുതലെടുത്താണ് വിതരണത്തിനെത്തിക്കുന്ന ആഹാരസാധനങ്ങളില്‍ കൃത്രിമം കാണിക്കുന്നത്.
പ്രതിമാസം നടത്തുന്ന പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്താറുണ്ട്. കാലാവധി കഴിഞ്ഞതും കൂട്ടിച്ചേര്‍ത്തതുമായ പല സാധനങ്ങളും വില്‍ക്കുന്നത് പിടികൂടിയിട്ടുണ്ടെന്ന് റെയില്‍വെ ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."