തിയറ്ററിലെ പീഡനം അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും
ചങ്ങരംകുളം: എടപ്പാളിലെ തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഡി.ജി.പിക്കു കൈമാറിയേക്കും. കേസ് അന്വേഷിക്കുന്ന ഡി.സി.ആര്.ബി ഡിവൈ.എസ്.പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറുക.
ആരുടെ ഭാഗത്തെല്ലാം വീഴ്ച സംഭവിച്ചു, ആര്ക്കെതിരേയെല്ലാം തുടര്‍നടപടികള്‍ സ്വീകരിക്കണം എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ രേഖാമൂലം പരാതി നല്‍കുകയും ദൃശ്യങ്ങളടങ്ങിയ തെളിവ് ഹാജരാക്കുകയും ചെയ്തിട്ടും ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി കേസ് രജിസ്റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ മുതിര്‍ന്നില്ലെന്നതു ഗുരുതര വീഴ്ചയായാണ് ചൂണ്ടിക്കാട്ടുന്നത്. ഡിവൈ.എസ്.പിയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതായി എസ്.ഐ പറയുന്നുണ്ടെങ്കിലും കേസെടുക്കാതിരുന്നതിനു ന്യായീകരണമില്ല.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്തും കാര്യമായ വീഴ്ചയുണ്ടായി. സ്പെഷല്‍ ബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്ന ചങ്ങരംകുളം സ്റ്റേഷനിലെ മധുവിനെ ജില്ലാ പൊലിസ് മേധാവി കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പുറമേ ചങ്ങരംകുളം സ്റ്റേഷനിലെ മറ്റു പൊലിസുകാരില്‍ ആരെങ്കിലും കുറ്റക്കാരാണോയെന്നതും പരിശോധിച്ചുവരികയാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഭാഗത്തുണ്ടായ വീഴ്ചയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ഇവര്‍ക്കു പരാതി നല്‍കിയതായി തിയറ്റര്‍ അധികൃതര്‍ പറയുന്നു. എന്നാല്‍, ഒരാഴ്ചയ്ക്കു ശേഷമാണ് ഇവ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലിസിനു കൈമാറിയത്. ഇതും അന്വേഷണ പരിധിയില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."