മുഖം മറക്കാന്‍ തൂവാല, കൈയില്‍ കീറിപ്പറിഞ്ഞ ഗ്ലൗസ് അനാരോഗ്യ ചുറ്റുപാടില്‍ ദിവസവേതന തൊഴിലാളികള്‍
നാദാപുരം: നാടിന്റെ ആരോഗ്യം കാക്കുന്ന ദിവസവേതന തൊഴിലാളികള്‍ ജോലി ചെയ്യുന്നത് അനാരോഗ്യ ചുറ്റുപാടില്‍. കല്ലാച്ചി, നാദാപുരം ടൗണുകളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നിയമിക്കപ്പെട്ട കരാര്‍ തൊഴിലാളികള്‍ക്കാണ് ജീവിതം ദുരിതമാകുന്നത്.
രാവിലെ ആറോടെ ടൗണുകളിലെത്തുന്ന ഇവര്‍ പലഭാഗങ്ങളിലായി നിക്ഷേപിച്ച മാലിന്യങ്ങള്‍ ശേഖരിച്ച് പ്രത്യേകം സഞ്ചികളിലാക്കി സൂക്ഷിക്കണം. മാരക രോഗങ്ങള്‍ പടരാന്‍ കാരണമാകുന്ന മാലിന്യങ്ങള്‍ക്കിടയില്‍ കീറിയ തൂവാലയും ഗ്ലൗസുമാണ് ഇവരുടെ സുരക്ഷാ സംവിധാനം.
അണുബാധ തടയാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഒന്നുംതന്നെ ഇവരുടെ കൈവശമില്ല. രൂക്ഷമായ ദുര്‍ഗന്ധം ഒഴിവാക്കാന്‍ തൂവാലയും കൈകളില്‍ പൊട്ടിപ്പൊളിഞ്ഞ ഗ്ലൗസും അണിഞ്ഞ് മാലിന്യത്തില്‍ തുറന്ന പാദത്തോടെ ചവിട്ടി നിന്നാണ് ഇവരുടെ ജോലി. അസംഘടിത മേഖലയായതിനാല്‍ അവകാശങ്ങളെക്കുറിച്ച് പറയാന്‍ ഇവര്‍ക്കാരുമില്ല. 200 രൂപയില്‍ താഴെയാണ് ഇവരുടെ ദിവസ വരുമാനം.
പത്തോളം തൊഴിലാളികളാണ് ദിവസവും ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്നവരില്‍ മിക്കവരും അലര്‍ജി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് ചികിത്സ തേടുന്നവരാണ്.
ആരോഗ്യ വകുപ്പോ പഞ്ചായത്തോ ഇവരുടെ സുരക്ഷയ്ക്കു വേണ്ട നടപടികളൊന്നും സ്വീകരിക്കാറില്ല. ജീവിക്കാന്‍ മറ്റു മാര്‍ഗം ഒന്നുമില്ലാത്തതിനാലാണ് ഈ ജോലി തുടരുന്നതെന്നാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."