നിയമവിദ്യാര്‍ഥിയെ മര്‍ദിച്ച കേസ്; അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി
കൊച്ചി: ലക്കിടി നെഹ്‌റു കോളജിലെ നിയമ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്ന് വിലയിരുത്തിയ സിംഗിള്‍ബെഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ജാമ്യവ്യവസ്ഥ പാലിച്ച് കൃഷ്ണദാസിനെ ഉടന്‍ വിട്ടയക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരാതിക്കാരന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് ഏതൊരു പൊലിസുകാരനും ബോധ്യമാകുമെന്നിരിക്കേ അന്വേഷണ ഉദ്യോഗസ്ഥനു മാത്രം ഇക്കാര്യം മനസിലായില്ലെന്നത് അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യണമെന്ന ലക്ഷ്യത്തോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ മന:പൂര്‍വം നടപടിയെടുത്തതാണെന്നു കണ്ടെത്താനാവും.
ചിലരെ ഒരേസമയം സാക്ഷികളായും പരാതിക്കാരായും ചിത്രീകരിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുക്കുന്നതുവരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാല്‍, കസ്റ്റഡിയിലെടുത്തശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. അറസ്റ്റിനു ശേഷമാണു വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് റിപ്പോര്‍ട്ടുണ്ടാക്കി മജിസ്‌ട്രേറ്റിനു നല്‍കിയത്.
നടപടിക്രമങ്ങളില്‍ ഗുരുതരമായ വീഴ്ചയുണ്ടായി. സത്യസന്ധമായ നടപടിയല്ല അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വീകരിച്ചത്. അറസ്റ്റ് ചെയ്യുമ്പോള്‍ കോടതിയെ സമീപിക്കാനുള്ള ഹരജിക്കാരന്റെ നിയമപരമായ അവകാശം നിഷേധിക്കണമെന്ന ലക്ഷ്യത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുമാറിയത്. മതിയായ കാരണമില്ലാതെ ആരെയും അറസ്റ്റ് ചെയ്യരുതെന്ന സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായത്. കേസന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ അറസ്റ്റ് അനിവാര്യമാണെന്നു കരുതുന്നില്ല. അന്വേഷണത്തില്‍ വീഴ്ചയുണ്ടായി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാനുള്ള കാരണവും സാഹചര്യവും കേസ് ഡയറിയില്‍ ഇല്ല. ഈ കേസുകളില്‍ നീതിപൂര്‍വമായ അന്വേഷണം വേണമെന്നു ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍, നീതിരഹിതമായ അന്വേഷണമാണ് നടന്നത്. മറ്റൊരു കേസില്‍ കൃഷ്ണദാസിനെ കോളജ് കാംപസിലും ഓഫിസിലും പ്രവേശിക്കുന്നതില്‍ നിന്നു കോടതി വിലക്കിയിട്ടുണ്ട്. ഇതു നിലനില്‍ക്കെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഹരജിക്കാരന്‍ തെളിവുനശിപ്പിക്കാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാനാവില്ല. ഇത്തരം നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."