കേരള മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍
ചെര്‍പ്പുളശ്ശേരി: മാനേജ്‌മെന്റിനെതിരെ പ്രത്യക്ഷ സമരവുമായി മാങ്ങോട് കേരള മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍. കോളജില്‍ ആവശ്യത്തിന് പഠന സൗകര്യങ്ങളും, പ്രൊഫസര്‍മാരും ഇല്ലെന്നാരോപിച്ചാണ് നൂറ്റി അമ്പതോളം വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുന്നത്. തിങ്കളാഴ്ച അത്യാഹിത വിഭാഗത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച ജനറല്‍ മേനേജരുടെ ഓഫിസിനു മുന്നിലേക്ക് സമരം മാറ്റി.
സമരത്തിന് പിന്തുണയുമായി ചൊവ്വാഴ്ച എസ്.എഫ്. ഐ.യും രംഗത്തെത്തി. എസ്.എഫ്. ഐ. ജില്ലാ സെക്രട്ടറി എസ്. കിഷോര്‍ ,ജില്ലാ വൈസ് പ്രസിഡന്റ് പി.ജിംഷാദ് ,ഏരിയാ പ്രസിഡന്റ് പി.ശ്യാം ,സെക്രട്ടറി സനൂപ് എന്നിവര്‍ ചൊവ്വാഴ്ച കോളേജിലെത്തി സമരത്തിന് നേതൃത്വം നല്‍കി. 2016 സപ്തംബറിലാണ് കേരളാ മെഡിക്കല്‍ കോളജില്‍ ആദ്യ ബാച്ച് ആരംഭിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. തുടക്കത്തില്‍ തന്നെ കോളജില്‍ ആവശ്യത്തിന് ലാബ് സൗകര്യവും ,മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്ന് വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചിരുന്നു.
എല്ലാം പരിഹരിക്കുമെന്നായിരുന്നു അന്ന് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പ്. എന്നാല്‍ രണ്ടു വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ഥികള്‍ സമര രംഗത്ത് വന്നത്. കാന്റീന്‍ ഫീസായി വര്‍ഷത്തില്‍ ഒന്നര ലക്ഷത്തോളം രൂപ ഈടാക്കുന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ നല്ല ഭക്ഷണവും ,മെച്ചപ്പെട്ട ഹോസ്റ്റല്‍ സൗകര്യവും പോലും നല്‍കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തലവരിപ്പണം വാങ്ങിയെന്നതുള്‍പ്പടെയുള്ള ആരോപണങ്ങളും മാനേജ്‌മെന്റിനെതിരെ തുടക്കത്തില്‍ ഉയര്‍ന്നിരുന്നു.
നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരളാ മെഡിക്കല്‍ കോളജിന് പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. ആദ്യ ബാച്ച് മാത്രമാണ് ഇപ്പോള്‍ കോളജില്‍ ഉള്ളത്. നിരവധി വിദ്യാര്‍ഥികളുടെ ഭാവി അനശ്ചിതത്വത്തിലാവുന്ന വിഷയത്തില്‍ മാനേജ്‌മെന്റ് അടിയന്തിരമായി ഇടപെടണമെന്ന് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി എസ്. കിഷോര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലാബിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണെന്നും നിലവിലെ പ്രശ്‌നങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കുമെന്നും മാനേജ് മെന്റ് പ്രതിനിധി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."