കോണ്‍ഗ്രസ് ബി.ജെ.പി വിരുദ്ധ ജനവികാരം ചെങ്ങന്നൂരില്‍ അലയടിക്കും: കോടിയേരി
ചെങ്ങന്നൂര്‍: കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായ ജനവികാരം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അലയടിച്ചുയരുമെന്ന് സിപിഐ എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വെണ്‍മണി ഇല്ലത്തുമേപ്പുറത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ജനക്ഷേപദ്ധതികള്‍ അവതരിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഇതുവരെ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് മാര്‍ക്‌സിസ്റ്റ് അക്രമമെന്നാണ് പ്രചരിപ്പിക്കുന്നത്.
സംസ്ഥാനത്ത് സി.പി.എമ്മിന്റെ അറുനൂറിലേറെ പ്രവര്‍ത്തകരുടെ ജീവനാണ് എതിരാളികള്‍ അപഹരിച്ചത്. 217 പേരെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണ്, 300 പേരുടെ ജീവന്‍ അപഹരിച്ചത് കോണ്‍ഗ്രസ് ആണ്. കുട്ടനാട്ടിലെ സഖാവ് തങ്കപ്പന്റെ തലവെട്ടിയെടുത്ത് മങ്കൊമ്പ് പാലത്തില്‍ പ്രദര്‍ശിപ്പിച്ചവരാണ് ഇവിടെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത്.
ഏറ്റവും ഒടുവില്‍ മാഹിയില്‍ സി.പി എമ്മിന്റെ ബാബുവിനെയും തലയറുത്താണ് കൊലപ്പെടുത്തിയത്. ഇതൊന്നും ചെങ്ങന്നൂരുകാര്‍ മറക്കില്ല.
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ജനവിരുദ്ധ നയങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പെട്രോള്‍ വില 80 രൂപ കഴിഞ്ഞു. എന്നിട്ടും ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. വര്‍ഷം 2 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ നരേന്ദ്രമോഡി 70 ലക്ഷം പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തുകയാണ് നാല് വര്‍ഷംകൊണ്ട് ചെയ്തത്.
കര്‍ണാടകയില്‍ ഒരു എം.എല്‍എ.യ്ക്ക് 100 കോടി രൂപയാണ് വില. അഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ ഫലമാണിത്. മുമ്പ് ബിജെപിയുലുള്ള രണ്ട് എം.എല്‍.എമാര്‍ പിന്നീട് കോണ്‍ഗ്രസായി. ഇപ്പോള്‍ ബിജെപി 100 കോടി നല്‍കുമെന്നായപ്പോള്‍ അവര്‍ ബി.ജെ.പിയിലേക്ക് മടങ്ങുകയും ചെയ്തു.
നാടിന്റെ മത നിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷം മാത്രമാണുള്ളത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കുന്നത്.
രണ്ടു വര്‍ഷം കൊണ്ട് നടപ്പാക്കിയ പദ്ധതികളും നടപ്പാകാന്‍ കഴിയാത്തവയും ഉള്‍പ്പെടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കും.
അവ ജനങ്ങള്‍ ചര്‍ച്ച ചെയ്യണം. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."