ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി
കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാത്രി എട്ടരയോടെ ആമച്ചല്‍ തൃക്കാഞ്ഞിരപുരം ക്ഷേത്രത്തിന് സമീപമാണ് സംഭവം. രാത്രിയായതിനാല്‍ ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. കാത്തിരിപ്പു കേന്ദ്രത്തിലും ആളിലായിരുന്നതിനാല്‍ മറ്റു അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. മണ്ഡപത്തിന്‍ കടവില്‍ നിന്നും കാട്ടാക്കടയിലേയ്ക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ വന്നപ്പോള്‍ ഇടയില്‍പ്പെട്ട ബൈക്കുകാരനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയത്.
തൃക്കാഞ്ഞിരപുരം ക്ഷേത്രത്തിന് സമീപം വെയിറ്റിംഗ് ഷെഡിന് എതിര്‍വശത്തായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതാണ് ഇവിടെ അപകട മേഖലയാക്കിയത്. റോഡ് വികസനം വന്നതോടെ ട്രാന്‍സ് ഫോര്‍മര്‍ റോഡിനോട് ചേര്‍ന്നായി. ഇപ്പോള്‍ ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും വേലി സ്ഥാപിച്ചപ്പോള്‍ റോഡുവക്കിലായി. മാസങ്ങള്‍ പിന്നിട്ടിട്ടും ട്രാന്‍സ് ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കാത്തതാണ് ഇപ്പോഴത്തെ അപകട കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. വളവും ഒരുവശത്ത് വെയിറ്റിംഗ് ഷെഡും മറുവശത്ത് റോഡിനോട് ചേര്‍ന്ന് ട്രാന്‍സ് ഫോര്‍മറും കൂടിയായപ്പോള്‍ ഇതുവഴി വരുന്ന നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടാറുണ്ട്. പ്രദേശവാസികള്‍ നിരവധി തവണ കെ.എസ്.ഇ.ബി അധികൃതരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. അടിയന്തിരമായി ട്രാന്‍ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."