മൊഗ്രാല്‍ പുത്തൂരില്‍ കടയ്ക്ക് തീയിട്ടു; വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ കടയ്ക്ക് നേരെ തീവെപ്പ്. കടവത്ത് പ്രവര്‍ത്തിക്കുന്ന കടയ്ക്ക് നേരെയാണ് ഇന്നലെ പുലര്‍ച്ചെ തീവെപ്പുണ്ടായത്. മൊഗറിലെ എം. സതീഷന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കട കത്തുന്നത് നാട്ടുകാര്‍ കണ്ടത്. സാമൂഹ്യ ദ്രോഹികളാണ് തീവെപ്പിന് പിന്നിലെന്ന് സംശയിക്കുന്നു. പൊലിസ് അന്വേഷണം തുടങ്ങി.
കടയ്ക്കകത്തെ കാഷ് കൗണ്ടര്‍, എണ്ണ പാക്കറ്റുകള്‍, അരി, നെയ്യ് എന്നിവ കത്തിനശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍-പുത്തൂരിലെ വ്യാപാരികള്‍ ഇന്നലെ വൈകുന്നേരം നാല് മണിവരെ ഹര്‍ത്താല്‍ ആചരിച്ചു. രണ്ട് ദിവസമായി മൊഗ്രാല്‍ പുത്തൂരിലെ വിവിധ ഭാഗങ്ങളില്‍ അക്രമമുണ്ടായിരുന്നു. ബെള്ളൂരിലെ മുഹമ്മദ് ഫൈസലിന്റെ വീടിന് നേരെ കല്ലെറിയുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇന്നോവ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേയും സമീപത്തെ മുഹമ്മദ് ഷാഫിയുടെ അംബാസിഡര്‍ കാര്‍ തകര്‍ത്തതിന് 30 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ബെള്ളൂരില്‍ വച്ച് ജയരാജനെന്നയാളെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ഹീറോ ഹോണ്ട ബൈക്ക് കത്തിക്കുകയും ചെയ്തതിന് 15 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഉജിര്‍ക്കരയിലെ ഹരീഷ് (35)നെ നടന്നുപോകുന്നതിനിടെ മൊഗ്രാല്‍ പുത്തൂരില്‍ വച്ച് ആക്രമിച്ചതിന് 30 പേര്‍ക്കെതിരേ കേസെടുത്തു. ബെള്ളൂരിലെ ഹീറോസ് ക്ലബിന് നേരെയും അക്രമമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."