പനമരത്തെ വവ്വാല്‍ കൂട്ടങ്ങള്‍; മുന്‍പ് കൗതുകം, ഇപ്പോള്‍ ഭീതി
പനമരം: വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ നിപാ വൈറസ് മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് പനമരത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.
പനരമത്തും പരിസര പ്രദേശങ്ങളിലുമായി നിരവധി മരങ്ങളിലായി ആയിരക്കണക്കിന് വവ്വാലുകളാണ് കൂടുകൂട്ടിയിട്ടുള്ളത്. ഇതാണ് പ്രദേശത്തുകാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. പനമരം ചെറിയ പാലത്തിനടുത്ത കൊറ്റില്ലം, നിര്‍മ്മിതിവയല്‍, ആര്യന്നൂര്‍വയല്‍ എന്നിവിടങ്ങളെല്ലാം വവ്വാലുകളുടെ പ്രധാന ആവാസ കേന്ദ്രങ്ങളാണ്. രാത്രി ഇര തേടിയിറങ്ങുന്ന ഇവ ടൗണിലും പരിസരങ്ങളും എത്താറുമുണ്ട്. കിണര്‍, പുഴ എന്നിവിടങ്ങളില്‍ ഇവ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന പഴങ്ങളുടെ അവശിഷ്ടങ്ങള്‍ എത്താന്‍ സാധ്യതയേറെയാണ്.
വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന പഴങ്ങള്‍ നിര്‍മ്മിതിവയലില്‍ ധാരാളമുണ്ട്. മഴ എത്തുന്നതോടെ ഇവ ഒഴുകി പുഴയില്‍ എത്തും. പൂതാടി പഞ്ചായത്തിലെയും പനമരത്തെയും കുടിവെള്ള പദ്ധതികളുടെ ടാങ്കുകള്‍ പുഴയോരത്താണ് സ്ഥിതി ചെയ്യുന്നത്. ഇതാണ് ജനത്തെ ഭീതിയിലാഴുത്തുന്നത്. ടൗണിലെയും പരിസരത്തെയും പല കുടുംബങ്ങളും ഇപ്പോള്‍ കിണര്‍ വെള്ളം കുടിക്കാന്‍ മടിക്കുകയാണ്. നിപാ വൈറസ് ഭീതി പരന്നിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ പനമരത്തെ കാര്യങ്ങള്‍ വിലയിരുത്താന്‍ തയാറാകാത്തതിനെതിരേ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം വവ്വാലുകള്‍ തമ്പടിക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിലേക്ക് താല്‍ക്കാലികമായി പ്രവേശനം വിലക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വവ്വാലുകള്‍ ഏറെയുള്ള പനമരത്തെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."