ദേശീയപാതാ വികസനം: സ്ഥലമെടുപ്പിനുള്ള അലൈന്‍മെന്റില്‍ ക്രമക്കേട്
കഠിനംകുളം: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്റെ അലൈന്‍മെന്റില്‍ ക്രമക്കേട് വരുത്തിയതായി കണ്ടെത്തല്‍.
അലൈന്‍മെന്റില്‍ ക്രമക്കേട് വരുത്തിയ മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജപ്പന്‍ നായര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ഭാഗത്തേക്കുള്ള അലൈന്‍മെന്റിലാണ് ക്രമക്കേടു വരുത്തിയത്.
കഴക്കൂട്ടം ദേശീയ പാതയോട് ചേര്‍ന്നുള്ള സ്വന്തം വസ്തുവും കെട്ടിടവും സംരക്ഷിക്കുന്നതിനാണ് ഡപ്യൂട്ടി തഹസീല്‍ദാരായിരുന്ന രാജപ്പന്‍നായര്‍ ക്രമക്കേട് വരുത്തിയത്. ഇതിനായി സ്വന്തം വസ്തുവിന് എതിര്‍വശത്തുള്ള കഴക്കൂട്ടം ഖബറടി മുസ്ലിം പള്ളിയുടെ വസ്തുവും പള്ളിയുടെ നല്ലൊരു ഭാഗവും കൂടുതലായി ഏറ്റെടുക്കാനായിരുന്നു നീക്കം. സമദൂരം എന്ന സര്‍ക്കാര്‍ നയം കാറ്റില്‍പറത്തിയായിരുന്നു ഡപ്യൂട്ടി തഹസീല്‍ദാരുടെ നടപടി. കിട്ടാവുന്നിടത്തോളം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നയം കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെയുളള അലൈന്‍മെന്റില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്ന തോന്നയ്ക്കലിലെ അലൈന്‍മെന്റും അശാസ്ത്രീയമാണെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ അലൈന്‍മെന്റില്‍ റോഡ് നിര്‍മിച്ചാല്‍ ആശാന്‍ സ്മാരകത്തിന്റെ ഒരു ഏക്കറോളം ഭൂമി നഷ്ടമാകുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അലൈന്‍മെന്റില്‍ മാറ്റംവരുത്തിയതിന് ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥരേയും വെളിച്ചത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത
ജില്ലാ വികസന യോഗത്തില്‍ വര്‍ക്കല എം.എല്‍.എ വി. ജോയി സ്ഥലമെടുപ്പില്‍ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളുന്നതായി ആക്ഷേപമുയര്‍ത്തിയിരുന്നു.
അതേ സമയം അലൈന്‍മെന്റ് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് നാഷണല്‍ അതോറിറ്റി ഓഫ് ഇന്ത്യ (ചഒഅഹ) അധികൃതര്‍ അറിയിച്ചത്. ഇന്ത്യന്‍ റോഡ്
കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശ തത്വങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും സ്ഥലമെടുപ്പെന്നും ഇത് സംബന്ധിച്ച വിവാദങ്ങള്‍ സ്വാഭാവികമാണെന്നും അധികൃതര്‍ പറഞ്ഞു.
ദേശീയ പാത നാല് വരിയാക്കുന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ ആഴ്ചകള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജില്ലാ കലക്ടര്‍ കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ദേശിയപാതയിലെ അലൈന്‍മെന്റ് നോക്കി കണ്ടിരുന്നു. ഇക്കൂട്ടത്തില്‍ കഴക്കൂട്ടം മുസ് ലിം പള്ളി, വെട്ടു റോഡ് തയ്ക്കാവ് , തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം എന്നിവ സന്ദര്‍ശിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്നാണ് കലക്ടര്‍ ചീഫ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."