മലങ്കര കമ്പനി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് പൗരസമിതി
കൊച്ചി: തൊടുപുഴയില്‍ മലങ്കര റബര്‍ ആന്റ് പ്രൊഡ്യൂസേഴ്‌സ് കമ്പനി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിച്ച് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്ന് പൗരസമതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
തൊടുപുഴ താലൂക്കില്‍ മുട്ടം വില്ലേജിലെ 1800 ഏക്കര്‍ ഭൂമി മലങ്കര കമ്പനി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. 1880 ല്‍ കാടുമറുക് ഇല്ലത്തിന് രാജാവ് പതിച്ച് നല്‍കിയ ഭൂമി കമ്പനി കൈവശപ്പെടുത്തുകയായിരുന്നു.
പലര്‍ക്കായി പാട്ടത്തിനു നല്‍കിയ ഭൂമിയും കമ്പനി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് പൗരസമിതി ആരോപിച്ചു. കാടുമറുക് ഇല്ലം 1890-1910 കാലഘട്ടത്തില്‍ മലങ്കര കമ്പനിക്കും കൃഷിയെ ആശ്രയിച്ചുകഴിഞ്ഞിരുന്നവര്‍ക്കും 99 വര്‍ഷത്തേക്ക് ഭൂമിപാട്ടത്തിന് കൊടുത്തിരുന്നു.
70 ഏക്കറോളം ഭൂമി പാട്ടത്തിന് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് 23 ഏക്കര്‍ 44 സെന്റ് ഭൂമി കമ്പനിക്ക് വില്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കമ്പനി മറ്റ് പാട്ടക്കാരെ ഭീഷണിപ്പെടുത്തി ബാക്കി സ്ഥലങ്ങളും കൈക്കലാക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. തോട്ടം മേഖലയായതിനാല്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് ഈ ഭൂമിയെ ഒഴിവാക്കിയിരുന്നു. മുട്ടം എന്‍ജിനീയറിങ്ങ് കോളജ് ഉള്‍പ്പെടെയിരിക്കുന്ന ഭൂമി ഇല്ലത്തിന്റെ വകയാണോ എന്ന് സംശയമുണ്ടന്നും ഇവര്‍ പറഞ്ഞു. ഇല്ലത്തിന്റെ ഭൂമി വേര്‍തിരിച്ചെടുക്കുന്നതിന് വേണ്ടി 2016ല്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയെങ്കിലും നടപടിയായിട്ടില്ല.
ഭൂമി തിരിച്ചുപിടിച്ച് 3000 കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി വീതം നല്‍കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളും പൗരസമതിയും ഇല്ലവും സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി,രാഷ്ട്രപതി,ഗവര്‍ണര്‍ എന്നിവരെ വിവരങ്ങള്‍ ധരിപ്പിക്കുമെന്ന് കാടുമറുക് ഇല്ലത്തെ ദാമോദരനുണ്ണി വ്യക്തമാക്കി. ഇല്ലത്തെ ഉമാ മധു, മധു ജി നമ്പൂതിരി, പൗരസമതി ഭാരവാഹികളായ കരുവാറ്റം ജേക്കബ്ബ്, ഓമന ശശി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."