ചിലിയില്‍ 14 ബിഷപ്പുമാരെ സസ്‌പെന്‍ഡ് ചെയ്തു
സാന്റിയാഗോ: മോശം പെരുമാറ്റത്തെ തുടര്‍ന്ന് 14 ബിഷപ്പുമാരെ ചിലിയില്‍ കത്തോലിക്ക അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നേരിടുന്നവരെയാണ് പുറത്താക്കിയത്. സാന്റിയാഗോയിലെ റന്‍കാഗോ രൂപതയില്‍ നടന്ന 68 പാതിരിമാരുടെ യോഗത്തിന് ശേഷമാണ് ഇവരെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.
വൈദികര്‍ക്കെതിരേയുള്ള ലൈംഗിക ആരോപണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ് ചിലിയിലെ സഭ മുന്‍ കരുതല്‍ നടപടി സ്വീകരിച്ചതെന്ന് രൂപതയുടെ വികാരി ജനറല്‍ ഗബ്രിയേല്‍ ബെകെറ പറഞ്ഞു.ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ബിഷപ്പുമാരും രാജിവയ്ക്കാന്‍ കഴിഞ്ഞ ദിവസം തയാറായിരുന്നു. അതിനിടെ പീഡനത്തിനിരയായവരുമായി പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തി.
ബിഷപ്പുമാരുടെ പീഡനത്തിനിരയായ മൂന്ന് പേരുമായി പോപ്പ് ഈ മാസം ആദ്യത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കുട്ടികളായിരിക്കെ 1970-1980 കാലയളവിലാണ് ഇവര്‍ പീഡനത്തിനിരയായത്. സംഭവങ്ങള്‍ വത്തിക്കാനെ അറിയിച്ചിട്ടുണ്ടെന്നും ഇതില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതിനിടെ ബാല പീഡനം മൂടിവച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആസ്‌ത്രേലിയയിലെ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സണ്‍ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു.
തന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് വെള്ളിയാഴ്ച ഒഴിയുമെന്ന ഫിലിപ്പ് വില്‍സണ്‍ അറിയിച്ചു. ശ്രേഷ്ട പദവിയുമായി ബന്ധപ്പെട്ടുള്ള ചില കണ്ടെത്തലുകള്‍ പുറത്തുവന്നതിനാല്‍ ആര്‍ച്ച് ബിഷപ്പിന്റെ പദവി ഒഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ച്ച് ബിഷപ്പിനെ ആസ്‌ത്രേലിയന്‍ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ലോകത്തെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ നേതാവാണ് ഫിലിപ്പ്.1970ല്‍ ന്യൂ സൗത്ത് വെയില്‍സിലാണ് കേസിനാസ്പദമായ സംഭവം.
സുഹൃത്ത് കൂടിയായ ജെയിംസ് ഫ്‌ളച്ചര്‍ എന്ന പുരോഹിതന്‍ അള്‍ത്താരയിലെ നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് വിവരം ലഭിച്ചെങ്കിലും ഫിലിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."