പച്ചക്കൊളുന്തിന്റെ തറവില ഇടിച്ചു; കര്‍ഷകര്‍ പ്രക്ഷോഭത്തിന്
കട്ടപ്പന: പച്ചക്കൊളുന്തിന് 13.36 രൂപ തറവില പ്രഖ്യാപിച്ചത് പത്തുരൂപയില്‍ താഴെയായി ചില ഫാക്ടറികളും അവരുടെ ഏജന്റുമാരും കുറച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കമ്പനി ഉടമകളും ടീ ബോര്‍ഡ് പ്രതിനിധികളും ചേര്‍ന്നാണ് മേയില്‍ ഒരുകിലോ കൊളുന്തിന് 13.36 രൂപ വില നിശ്ചയിച്ചത്. ചെറുകിട തേയില കര്‍ഷക ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളുടെയും പട്ടിണി സമരങ്ങളുടെയും ഫലമായാണ് മാസംതോറും പച്ചക്കൊളുന്തിന് ഏറ്റവും കുറഞ്ഞ വില നിശ്ചയിക്കാന്‍ ടീബോര്‍ഡ് ഡയറക്ടറും ഫെഡറേഷന്‍ ഭാരവാഹികളും തീരുമാനിച്ചത്.
ടീ ബോര്‍ഡ് ഓരോ മാസവും നിശ്ചയിക്കുന്ന ശരാശരി വിലയിലും താഴെ പച്ചക്കൊളുന്ത് ശേഖരിച്ചു കര്‍ഷകരെ ചൂഷണം ചെയ്യുന്ന ചില ഫാക്ടറികളുടെയും അവരുടെ ഏജന്റുമാരുടെയും നിലപാടിനെതിരെ കര്‍ഷകര്‍ സമരത്തിനൊരുങ്ങുകയാണ്. ഗുണനിലവാരം അനുസരിച്ച് 17.50 രൂപ വരെ പച്ചക്കൊളുന്തിനു വില ലഭിക്കുമ്പോഴും കര്‍ഷകര്‍ക്കു ലഭിക്കുന്നത് എട്ടു മുതല്‍ 10 രൂപ വരെ മാത്രമാണ്. കലക്ടറുടെ അധ്യക്ഷതയില്‍ കമ്പനി ഉടമകളും ടീ ബോര്‍ഡ് പ്രതിനിധികളും ചേര്‍ന്നാണ് ഓരോ മാസവും ശരാശരി വില നിശ്ചയിക്കുന്നത്. ചെറുകിട തേയില കര്‍ഷക ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് തറവില നിശ്ചയിക്കാന്‍ അധികൃതര്‍ തയാറായത്. ടീ ബോര്‍ഡ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം നടപ്പാക്കിയ തീരുമാനം ചില കമ്പനികള്‍ അട്ടിമറിക്കുകയാണെന്നാണു കര്‍ഷകരുടെ ആരോപണം.
വേനല്‍മഴ ലഭിച്ചതിനാല്‍ ഉല്‍പാദനം വര്‍ധിച്ചെന്ന കാരണം നിരത്തിയാണു പച്ചക്കൊളുന്തിന്റെ വില കുത്തനെ ഇടിച്ചത്. വില കൂടുതല്‍ ഉയരുന്ന സാഹചര്യമുള്ളപ്പോഴും ടീ ബോര്‍ഡ് നിശ്ചയിക്കുന്ന ശരാശരി വില 15 രൂപയില്‍ കൂടിയിട്ടില്ല. അതിനാല്‍ ശരാശരി വില പലപ്പോഴും കര്‍ഷകര്‍ ശ്രദ്ധിച്ചിരുന്നില്ല.
കുത്തനെ വില ഇടിഞ്ഞതോടെ ടീ ബോര്‍ഡിന്റെ ശരാശരി വിലയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണു പലരും കബളിപ്പിക്കപ്പെടുകയാണെന്ന വിവരം അറിഞ്ഞത്. അധ്യയനവര്‍ഷവും കാലവര്‍ഷവും ആരംഭിക്കാന്‍ ഏതാനും ദിവസം മാത്രം അവശേഷിക്കെ പച്ചക്കൊളുന്തിന്റെ വില കുത്തനെ ഇടിഞ്ഞതു കര്‍ഷകരെ വലയ്ക്കുകയാണ്.മക്കളെ സ്‌കൂളില്‍ അയയ്ക്കാന്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങാന്‍പോലും പല കര്‍ഷകരും ബുദ്ധിമുട്ടുകയാണ്. വന്‍തോതില്‍ വിലയിടിക്കുന്ന ഫാക്ടറികളുടെ ലൈസന്‍സ് റദ്ദുചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് വൈ.സി.സ്റ്റീഫന്‍ ആവശ്യപ്പെട്ടു.
ചില ഫാക്ടറികളും അവരുടെ ഏജന്റുമാരും കര്‍ഷകരെ ചൂഷണം ചെയ്യുന്ന രീതി തുടര്‍ന്നാല്‍ ഫാക്ടറികള്‍ക്കു മുന്‍പിലേക്കു സമരം വ്യാപിപ്പിക്കുമെന്നു വ്യക്തമാക്കി ചെറുകിട തേയില കര്‍ഷകര്‍ ടീ ബോര്‍ഡ് ഡയറക്ടര്‍ക്കു കത്തയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."