കോട്ടയത്ത് ചികിത്സയിലുള്ള രണ്ടുപേരുടെ സാംപിള്‍ മണിപ്പാലിലേക്കയച്ചു
ആര്‍പ്പൂക്കര: നിപാ വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു പേരുടെ സാംപിളുകള്‍ മണിപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചു.
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ 57 കാരന്റെയും കോട്ടയം പാത്താമുട്ടം സ്വദേശിനിയായ 19 കാരിയുടേയും രക്തം, മൂത്രം, തൊണ്ടയില്‍ നിന്നെടുത്ത സ്രവം എന്നിവയാണ് ഇന്നലെ പരിശോധനക്കായി അയച്ചത്. അതേസമയം കോഴിക്കോട് സ്വദേശിയും കൂത്താട്ടുകുളം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയുമായ 21 കാരനും ഇവിടെ ചികിത്സയിലുണ്ട്.
ഇയാള്‍ക്ക് കടുത്ത പനി ബാധിച്ചതിനാല്‍ രക്തത്തിലെ കൗണ്ട് താഴ്ന്നതാണ് രോഗകാരണമെന്നാണ് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായത്. എന്നാല്‍ കോഴിക്കോട് നിന്ന് പനി ബാധിച്ച് വന്നതിനാല്‍ പ്രത്യേകനീരിക്ഷണത്തിലാണ് രോഗിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധു പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപാ വൈറസ് ബാധ സംശയിച്ച് മൂന്നു പേര് ചികിത്സ തേടിയെത്തിയതിനെ തുടന്ന് ഇന്നലെ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ അടിയന്തര യോഗം ചികിത്സാ പുരോഗതി വിലയിരുത്തി.
ഇവിടെ ചികിത്സയിലുള്ള രോഗികള്‍ക്ക് വൈറസ് ബാധിച്ചിട്ടില്ലെന്നാണ് ഇവരുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. കോഴിക്കോട്ടെ വൈറസ് രോഗബാധ പ്രദേശത്തു നിന്ന് രോഗികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയതാണ് ഇത്തരത്തിലുള്ള ആശങ്ക ഉണ്ടാകാന്‍ കാരണമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."